ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനു നേരെ ഭീകരാക്രമണം നടത്തിയ ഭീകരവാദിയുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പോലീസ്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം നല്‍കുമെന്നും പോലീസ് അറിയിച്ചു. ദൃക്‌സാക്ഷികൾ നൽകിയ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭീകരൻ്റെ രേഖാചിത്രം തയ്യാറാക്കിയത്.
ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവര്‍ SSP Reasi – 9205571332ASP Reasi – 9419113159DySP HQ Reasi – 9419133499SHO Pouni – 7051003214SHO Ransoo- 7051003213PCR Reasi- 96252856 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത് എന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. എൻഐഎ സംഘം തിങ്കളാഴ്ച റിയാസിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. എൻഐഎയുടെ ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തിവരികയാണ്.
ഞായറാഴ്ച ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന 53 സീറ്റുകളുള്ള ബസിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ബസില്‍. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post