തിരുവനന്തപുരം : കുവൈറ്റിൽ തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് പോകാനായി കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്ന് കേരള ആരോഗ്യ മന്ത്രി വീണ ജോർജ്. അപകടത്തെ തുടർന്ന് മലയാളികൾക്കുള്ള സഹായം ഏകോപിപ്പിക്കാൻ വേണ്ടിയായിരുന്നു കുവൈറ്റിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു എന്നും വീണാ ജോർജ് ആരോപിച്ചു.
മരിച്ചവരിൽ പകുതിയിലധികം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. എന്നിട്ടും കേരള സർക്കാരിന്റെ ഭാഗമായി കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ കേന്ദ്രത്തിൽ നിന്നും അനുമതി ലഭിക്കാഞ്ഞത് ദൗർഭാഗ്യകരമാണ് എന്നായിരുന്നു വീണ ജോർജ് കൊച്ചിയിൽ വച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ ഇപ്പോൾ വിവാദത്തിന്റെ സമയമല്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു. അപകടം ഉണ്ടായപ്പോൾ തന്നെ കേരള സർക്കാർ ക്രിയാത്മകമായി ഇടപെട്ടു. മന്ത്രിസഭാ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. കുവൈറ്റിലേക്ക് മന്ത്രി വീണ ജോർജ്ജിനെ അയക്കാൻ സർക്കാർ ആണ് തീരുമാനിച്ചത്. എന്നാൽ മന്ത്രി വിമാനത്താവളത്തിൽ എത്തിയെങ്കിലും പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാൽ പോകാനായില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ശരിയായ സമീപനം അല്ല എങ്കിലും അക്കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ല എന്നും പിണറായി വിജയൻ അറിയിച്ചു.
Discussion about this post