തിരുവനന്തപുരം: തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്ക് ഒരു തെളിവും ഹാജരാക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ വിജിലന്‍സ് കോടതി വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ കാര്യമില്ല. സത്യം ജയിക്കും ഏതന്വേണവും നേരിടാന്‍ തയ്യാറാണ്. നിയമത്തെ ബഹുമാനിക്കുന്നു. സോളാര്‍ കേസുമായി ഉയരുന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്രനാളായിട്ടും തനിക്കെതിരെ ഒരു ഷീറ്റ് കടലാസ് പോലും കാണിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് സാധിച്ചിട്ടില്ല. നാലു വര്‍ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെയാണ് സോളാര്‍ കേസ് നിലനില്‍ക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോട് പരിഭവമില്ല. മനഃസാക്ഷിയാണ് തന്റെ ഏറ്റവും വലിയ ശക്തി. സത്യം ജയിക്കുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ടു നയിക്കുന്നത്. 50 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനം അതാണ് ചൂണ്ടിക്കാട്ടുന്നത്. പത്ത് ദിവസം മുമ്പ് താന്‍ പിത്യ തുല്യനായിരുന്നു. ഇപ്പോള്‍ സകല വഷളത്തരങ്ങളുടെ പ്രഭാകേന്ദ്രമാണെന്ന് ചിലര്‍ പറയുന്നു.
മദ്യ രാജാക്കന്മാരെ കൂട്ടുപിടിച്ച് ചിലര്‍ നടത്തിയ വൃത്തിക്കെട്ട ഗൂഢാലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ നന്മക്കായാണ് മദ്യ ഉപയോഗം കുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. മദ്യ ലഭ്യത കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ വിമര്‍ശങ്ങള്‍ ഉയരുന്നത് ആദ്യ സംഭവമാണ്. ഇക്കാര്യങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ചില ദുഃസൂചനകള്‍ കാണുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Discussion about this post