ന്യൂഡൽഹി : ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്ന് പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് വിവാദം സൃഷ്ടിച്ച സാം പിട്രോഡയെ തിരിച്ചെടുത്ത് കോൺഗ്രസ്. ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായി സാം പിട്രോഡയ്ക്ക് പുനർനിയമനം നൽകി. അടിയന്തര പ്രാബല്യത്തോടെയാണ് നിയമനം നൽകിയിട്ടുള്ളത്.
സാം പിട്രോഡയെ പുനർ നിയമിക്കാനുള്ള തീരുമാനത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് സാം പിട്രോഡ. അദ്ദേഹം നടത്തിയ വിവാദ പ്രസ്താവനകൾ വലിയ രീതിയിൽ ചർച്ചയായതോടെ നിവൃത്തിയില്ലാതെ ആയിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് സാം പിട്രോഡയെ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റിയിരുന്നത്.
പാരമ്പര്യ സ്വത്തിനും നികുതി ഏർപ്പെടുത്തണം, ഇന്ത്യയിൽ സമ്പത്തിന്റെ പുനർവിതരണം നടത്തണം, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണ് ഇരിക്കുന്നത് എന്നിങ്ങനെയുള്ള വിവിധ വിവാദ പ്രസ്താവനകൾ ആയിരുന്നു സാം പിട്രോഡ നടത്തിയിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് ഉണ്ടായ ഈ പ്രസ്താവനകൾ കോൺഗ്രസിനെ കുരുക്കിലാക്കിയതോടെ കഴിഞ്ഞ മെയിൽ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും സാം പിട്രോഡരാജിവെക്കുകയായിരുന്നു.








