കണ്ണൂർ : കണ്ണൂർ ഏച്ചൂരിൽ കുളിക്കാനായി കുളത്തിൽ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഏച്ചൂർ മാച്ചേരിയിൽ നടന്ന അപകടത്തിൽ പ്രദേശവാസികളായ ആദിൽ ബിൻ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുൽ ആമിർ (12) എന്നീ കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. അവധി ദിനത്തിൽ കുളിക്കാനായി കുളത്തിൽ ഇറങ്ങിയതായിരുന്നു ഇരുവരും.
മൂന്ന് കുട്ടികളായിരുന്നു കുളിക്കാനായി കുളത്തിൽ എത്തിയിരുന്നത്. രണ്ടു കുട്ടികൾ കുളത്തിലിറങ്ങി അപകടമുണ്ടായപ്പോൾ മൂന്നാമത്തെ കുട്ടി പെട്ടെന്ന് തന്നെ നാട്ടുകാരെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ രണ്ടു കുട്ടികളെയും പുറത്തെടുത്തെങ്കിലും ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അവശനിലയിൽ ആയിരുന്ന രണ്ടാമത്തെ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചക്കരക്കൽ പോലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.








