അബുദാബി :വെള്ളിയാഴ്ചകളിലെ പ്രാർത്ഥനാ സമയം വെട്ടിക്കുറച്ച് യുഎഇ. രാജ്യത്തെ താപനില 50 ഡിഗ്രി കടന്നതിനെ തുടർന്നാണ് നിർദേശം. ഇതേ തുടർന്ന് ഇന്ന് പള്ളികളിൽ പ്രഭാഷണങ്ങളും നമസ്‌കാരങ്ങളും വളരെ വേഗത്തിലാണ് അവസാനിപ്പിച്ചത്. ഈ തീരുമാനത്തിൽ വിശ്വാസികൾക്ക് ആശ്വാസമായിരിക്കുകയാണ്.
പള്ളികളിൽ ജുമുഅ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക പ്രാർത്ഥനകൾ വെള്ളിയാഴ്ചകളിലാണ് നടക്കുന്നത്. ഇതേ തുടർന്ന് യുഎഇ അധികൃതർ രാജ്യത്തുടനീളമുള്ള ഇമാമുകളോട് അവരുടെ വെള്ളിയാഴ്ച പ്രഭാഷണവും പ്രാർത്ഥനയും ഒക്ടോബർ വരെ 10 മിനിറ്റായി ചുരുക്കാൻ ആവശ്യപ്പെട്ടിരുന്നു. അന്നേ ദിവസം പള്ളികളിൽ ആരാധകർ തിങ്ങി നിറയുന്നതിനാൽ നിരവധി ആരാധകർക്ക് കടുത്ത വെയിലിൽ മുറ്റത്ത് പ്രാർത്ഥന നടത്തേണ്ടിവരുന്നു. ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് വിശ്വാസികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ വരാതെ സംരക്ഷിക്കുന്നതിനാണ് സർക്കാരിന്റെ ഈ നീക്കം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 നും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില രേഖപ്പെടുത്തുന്നത്. ജൂൺ 26-ന് ചൂട് 50 ഡിഗ്രി കടന്നിരുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്.
Discussion about this post