ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് ആയുഷ്മാൻ ഭാരത് യോജന പദ്ധതി. രാജ്യത്തുടനീളമായി 12 കോടിയിലധികം ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള ഏകദേശം 55 കോടി ഗുണഭോക്താക്കൾക്ക് ആരോഗ്യപരിരക്ഷ നൽകുന്നതാണ് ആയുഷ്മാൻ ഭാരത് യോജന പദ്ധതി. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയാണ് ഈ പദ്ധതി വഴി ആരോഗ്യ ഇൻഷുറൻസ് ആയി ലഭിക്കുക.
കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനപ്രകാരം 70 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്നതായിരിക്കും.
എന്നാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി ലഭ്യമാകില്ല. ചില സംസ്ഥാനങ്ങൾ ഈ പദ്ധതിയിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. അപ്പോൾ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ആയുഷ്മാൻ ഭാരത് യോജന പദ്ധതി ലഭ്യമാകുക എന്ന് പരിശോധിക്കാം,
ഡൽഹി, ഒഡീഷ, തെലങ്കാന, പശ്ചിമബംഗാൾ എന്നിവ ഒഴികെയുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആയുഷ്മാൻ ഭാരത് യോജന പദ്ധതി ലഭ്യമാകുന്നതാണ്. ഈ സംസ്ഥാനങ്ങളിൽ ആകെയായി 31 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ ഇതുവരെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. 6.34 കോടി ആശുപത്രികളിൽ ഈ സേവനം ലഭ്യമാകുന്നതാണ്. ഏപ്രിൽ 5 വരെയുള്ള കണക്കനുസരിച്ച് 80,645 കോടി രൂപ ഈ പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ ചെലവഴിച്ചിട്ടുണ്ട്.
നിങ്ങളുടെ കുടുംബം ആയുഷ്മാൻ ഭാരത് യോജന ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയുഷ്മാൻ ഭാരത് കാർഡ് ഓരോരുത്തരുടെയും മൊബൈൽ ഫോണിലൂടെ തന്നെ ഉണ്ടാക്കാൻ കഴിയുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,
ആദ്യമായി നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആയുഷ്മാൻ ഭാരത് യോജന ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ ആധാർ ഇ-കെവൈസി പൂർത്തീകരിക്കുക. മറ്റ് വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ ആയുഷ്മാൻ ഭാരത് യോജന കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓരോ ആയുഷ്മാൻ കാർഡ് ഉടമയ്ക്കും രാജ്യത്തുടനീളമുള്ള എംപാനൽ ചെയ്ത ആശുപത്രിയിൽ ഒരു കുടുംബത്തിന് പ്രതിവർഷം ₹5 ലക്ഷം വരെ സൗജന്യ ചികിത്സ ലഭിക്കും.
Discussion about this post