മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടി. പാസ്‌പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് പിടികൂടിയത്. ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് ഇത്തരത്തിൽ സ്വർണം പിടികൂടിയത്.
സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്‌പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്‌സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും.
ചോക്‌ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്‌സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട്.












