അമരാവതി: രാഷ്ട്രീയ ഇടനാഴികളെ അതിശയിപ്പിച്ച ഒരു നീക്കത്തിനാണ് ആന്ധ്രപ്രദേശ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. ഒന്ന് കണ്ട് മുഖാ മുഖം സംസാരിക്കണം എന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയോട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞതാണ് ഭരണ പ്രതിപക്ഷ അംഗങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. സംസ്ഥാന വിഭജനത്തിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് കൂടിക്കാഴ്ച എന്നാണ് പൊതുവിൽ പറയപ്പെടുന്നതെങ്കിലും, കൂടുതലായി എന്തെങ്കിലും സംഭവിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ.
ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായ ടിഡിപി, ജൂലൈ ആറിന് ഹൈദരാബാദിലെ റെഡ്ഡിയുടെ വസതിയിൽ വച്ചാണ് യോഗം ചേരാൻ നിർദ്ദേശിച്ചിട്ടുള്ളത്. ചന്ദ്രബാബു നായിഡുവിൻ്റെ വിശ്വസ്തനായിരുന്നു റെഡ്ഡി കോൺഗ്രസിലേക്ക് മാറുന്നതിന് മുമ്പ് ടിഡിപിയിൽ ആയിരുന്നു പ്രവർത്തിച്ചത്.അതിനാൽ തന്നെ പഴയ ഗുരുവിനോടൊപ്പം പോകുമോ രേവന്ത് റെഡ്‌ഡി എന്നാണ് കോൺഗ്രസിന്റെ ഭയം.
2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നായിഡുവിൻ്റെ നിർദേശം വന്നിരിക്കുന്നത്.
ആന്ധ്രാപ്രദേശിൻ്റെയും തെലങ്കാനയുടെയും സുസ്ഥിര പുരോഗതിയും സമൃദ്ധിയും ഉറപ്പാക്കാൻ തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടുത്ത സഹകരണം വളർത്തിയെടുക്കേണ്ടത് പ്രധാനമാണെന്ന് കോൺഗ്രസിൻ്റെ റെഡ്ഡിക്ക് അയച്ച കത്തിൽ നായിഡു പറഞ്ഞു.
പഴയ ആന്ധ്രാപ്രദേശ് വിഭജിച്ചിട്ട് 10 വർഷമായി. നമ്മുടെ സംസ്ഥാനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പുനഃസംഘടനാ നിയമത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നിലധികം ചർച്ചകൾ നടക്കാനുണ്ട് ,” നായിഡു കത്തിൽ പറഞ്ഞു.
അവിഭക്ത ആന്ധ്ര പ്രദേശിലെ മുടിചൂടാ മന്നൻ ആയി വാണ വ്യക്തിയായിരുന്നു ആന്ധ്രയുടെ മുൻ മുഖ്യമന്ത്രി കൂടെയായ ചന്ദ്ര ബാബു നായിഡു. നായിഡുവിന്റെ എതിർപ്പിനെ മറികടന്നാണ് ആന്ധ്രാപ്രദേശ് വിഭജനവുമായി അന്നത്തെ കോൺഗ്രസ് മുന്നോട്ട് പോയത്








