ലക്നൗ: വലിയ കഷ്ടതകൾക്കിടയിലും ദേശസ്നേഹം കാത്ത് സൂക്ഷിക്കുന്നവരാണ് ഭാരതീയരെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പരമവീരചക്ര നേടിയ ധീര സൈനികൻ അബ്ദുൾ ഹമീദിന്റെ ജീവതത്തെ ആസ്പദമാക്കി രചിച്ച മേരെ പാപ്പ പരംവീർ എന്ന പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തോടുള്ള അതിയായ സ്നേഹത്താൽ നാം ഏത് സാഹചര്യത്തെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തോടുള്ള സ്നേഹവും അർപ്പണ ബോധവും ഒരിക്കലും കൈവിടാത്തവരാണ് ഭാരതീയർ. ഈ മേന്മ ഏത് പ്രതിസന്ധിയെയും നേരിടാൻ നമുക്ക് കരുത്ത് നൽകും. നമുക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പല ശക്തികളും ശ്രമിക്കും. എന്നാൽ രാജ്യത്തോടുള്ള സ്നേഹത്താൽ നാം ഇതെല്ലാം അതിജീവിക്കും.യുദ്ധത്തിൽ പാക് ടാങ്കുകൾ തകർത്തെറിഞ്ഞ ശേഷമാണ് അബ്ദുൾ ഹമീദ് വീരചരമം പ്രാപിച്ചത്. രാജ്യത്തിന് വേണ്ടി അദ്ദേഹം എല്ലാം ത്യജിച്ചുവെന്നും മോഹൻഭാഗവത് ചൂണ്ടിക്കാട്ടി.
ഇന്ന് എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. ഭാരതത്തിന്റെ വികസനത്തിനും സുസ്ഥിരതയ്ക്കുമായി സംസ്കാരത്തിൽ നിന്നും പൂർവ്വികരുടെ ആദർശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം. കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്വയം സമപർപ്പിക്കുന്നതുവഴി നാം ഓരോരുത്തരും രാഷ്ട്ര നിർമ്മിതിയിൽ പങ്കാളികൾ ആകുമെന്നും അദ്ദേഹം പറഞ്ഞു.
1965 ലെ ഇന്ത്യ – പാക് യുദ്ധത്തിലാണ് അബ്ദുൾ ഹമീദ് വീരമൃത്യുവരിച്ചത്. അദ്ദേഹത്തിന്റെ പ്രതിമയിൽ മോഹൻ ഭാഗവത് പുഷ്പാർച്ചന നടത്തി. ഇതിന് ശേഷമായിരുന്നു പുസ്തക പ്രകാശനം. അബ്ദുൾ ഹമീദിന്റെ മകൻ സെയ്നുൾ ഹസന്റെ വിവരണങ്ങളെ അടിസ്ഥാനമാക്കി രാമചന്ദ്രൻ ശ്രീനിവാസ് ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post