ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഉമാഭാരതി. പല കോളേജ് ക്ലാസുകളിലും ഉഴപ്പനും വികൃതിയും ആയ അനുസരണയില്ലാത്ത ഒരു കുട്ടി ഉണ്ടായിരിക്കും. ടീച്ചർമാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത അത്തരം ഒരു കുട്ടിയെ പോലെയാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പെരുമാറുന്നത് എന്ന് ഉമാ ഭാരതി വ്യക്തമാക്കി.
50 വയസ്സ് കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവാണ് താനെന്ന കാര്യം രാഹുൽഗാന്ധി ഇടയ്ക്കെങ്കിലും ഓർക്കണം എന്നും ഉമാഭാരതി കുറ്റപ്പെടുത്തി. അദ്ദേഹം ഇപ്പോൾ ഒരു യുവാവ് പോലുമല്ല. മധ്യവയസ്കനായി എങ്കിലും പെരുമാറ്റത്തിൽ യാതൊരുവിധ പക്വതയും വന്നിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന രീതിയിലുള്ള ഒരു രാഷ്ട്രീയ പക്വതയും കാണിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. സഭയുടെ മാന്യതയ്ക്ക് ഒട്ടും നിരക്കാത്ത പെരുമാറ്റമാണ് രാഹുൽഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും ഉമാ ഭാരതി വ്യക്തമാക്കി.
തിങ്കളാഴ്ച ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ, ഹിന്ദുക്കളെന്ന് വിളിക്കുന്നവർ രാപ്പകലില്ലാതെ അക്രമത്തിലും വിദ്വേഷത്തിലും ഏർപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിനെതിരെയും ഉമാ ഭാരതി രൂക്ഷമായി വിമർശിച്ചു. ഈ രാജ്യത്തെ ഹിന്ദുക്കൾ ആക്രമണങ്ങളെ നേരിട്ടിട്ടുള്ള വരും ആക്രമണങ്ങളെ അതിജീവിച്ചവരും ആണ്. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനു മുൻപ് തന്റെ പ്രായവും സ്ഥാനവും രാജ്യവും എന്താണെന്നുള്ള കാര്യം മനസ്സിൽ വെക്കണമെന്നും ഉമാ ഭാരതി വ്യക്തമാക്കി.







