ഇന്ത്യയിൽ നിന്ന് ഭൂമിയിൽ എക്കാലവും ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ പാമ്പുകളിൽ ഒന്നിൻ്റെ ഫോസിലുകൾ ഗവേഷകർ കണ്ടെത്തി. ‘വാസുകി ഇൻഡിക്കസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ പാമ്പിന് ഏകദേശം 11 മുതൽ 15 മീറ്റർ വരെ (36 മുതൽ 50 അടി വരെ) നീളവും 1,000 കിലോഗ്രാമോളം തൂക്കവും ഉണ്ടായിരുന്നുവെന്നാണ് ഐ.ഐ.ടി റൂർക്കിയിലെ ഗവേഷകർ കണക്കാക്കുന്നത്.
ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള പനന്ധ്രോ കരി ഖനിയിൽ നിന്നാണ് ഫോസിലുകൾ കണ്ടെത്തിയത്. ഈ പാമ്പിൻ്റെ നന്നായി സംരക്ഷിക്കപ്പെട്ട 27 നട്ടെല്ലിൻറെ ഫോസിലുകളാണ് കണ്ടെത്തിയത്. ഏകദേശം 4.7 കോടി വർഷങ്ങൾക്ക് മുൻപ് (മിഡിൽ ഈയോസീൻ യുഗം) ജീവിച്ചിരുന്നതാണ് ഈ പാമ്പ്.
ഹൈന്ദവ പുരാണങ്ങളിൽ ശിവൻ്റെ കഴുത്തിലണിയുന്ന സർപ്പരാജാവായ ‘വാസുകി’യുടെ പേരിൽ നിന്നാണ് വാസുകി എന്നും, കണ്ടെത്തിയ രാജ്യത്തെ സൂചിപ്പിക്കാൻ ഇൻഡിക്കസ് എന്നും പേര് നൽകിയത്. വംശനാശം സംഭവിച്ച ‘മാഡ്‌സോയിഡേ’ എന്ന കുടുംബത്തിൽപ്പെട്ട പാമ്പാണിത്. ഇരയെ വരിഞ്ഞുമുറുക്കി കൊല്ലുന്ന വിഭാഗത്തിൽപ്പെട്ട ഇവ, വേഗത കുറഞ്ഞവയും എന്നാൽ ഉഷ്ണമേഖലാ ചതുപ്പ് പ്രദേശങ്ങളിൽ ഒളിച്ചിരുന്ന് ഇരപിടിക്കുന്നവയുമായിരുന്നു എന്ന് കരുതപ്പെടുന്നു. അക്കാലത്തെ മുതലകൾ, ആമകൾ, പ്രാചീന തിമിംഗലങ്ങൾ എന്നിവയായിരുന്നു ഇവയുടെ പ്രധാന ഇരകൾ.
ദക്ഷിണ അമേരിക്കയിൽ നിന്ന് കണ്ടെത്തിയ എക്കാലത്തെയും വലിയ പാമ്പായ ‘റ്റൈറ്റനോബോവ’ (Titanoboa) യോട് വലിപ്പത്തിൽ കിടപിടിക്കുന്നതാണ് ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ ഈ വാസുകി ഇൻഡിക്കസ്.












