ഇന്ത്യക്കാർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയുമായി ഇന്ത്യയുടെ എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡ്. ഇന്ത്യക്കാർക്ക് ഇനി യു എ ഇ യിൽ വച്ചായാലും സ്വന്തം നാട്ടിലെന്ന പോലെ പണമിടപാട് നടത്താം . നെറ്റ്‌വർക്ക് ഇൻ്റർനാഷണലുമായി സഹകരിച്ച് ഇന്ത്യക്കാർക്ക് ക്യൂആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മേഖലയിലെ വികസനത്തിനും വ്യവസായ മേഖലയ്ക്കും വലിയ സംഭാവന നൽകുന്ന ഇന്ത്യൻ പ്രവാസികൾക്കും സഞ്ചാരികൾക്കും ഏറെ ഗുണകരമാവുന്നതായിരിക്കും ഈ സംവിധാനം.
ഇന്ത്യൻ സഞ്ചാരികളുടെയും പ്രവാസികളുടെയും പ്രിയപ്പെട്ട കേന്ദ്രങ്ങളായ ദുബായ് മാൾ, എമിറേറ്റ്സ് മാൾ, മറ്റ് പ്രധാന ചെറുകിട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വൈകാതെ തന്നെ യുപിഐ ഇടപാടുകൾക്ക് സൗകര്യം ഒരുക്കാനാണ് എൻപിസിഐ ഇൻ്റർനാഷണലിന്റെ ശ്രമം.
ജൂലൈ 3ന് ബുധനാഴ്ച ദുബായിൽ വെച്ച് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവന്റെ സാന്നിധ്യത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ആശുപത്രികൾ, റീട്ടെയിൽ സ്റ്റോറുകൾ, ഗതാഗത സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി 60000ത്തിലധികം വ്യാവസായിക കേന്ദ്രങ്ങളിലുള്ള രണ്ട് ലക്ഷത്തോളം പോയിൻ്റ് ഓഫ് സെയിൽ (POS) ടെർമിനലുകളിൽ ഇനി മുതൽ യു പി ഐ സൗകര്യം ലഭ്യമാവും. യു പി ഐ ഇടപാടുകൾ പൂർണ്ണമായും സുരക്ഷിതമായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post