ഇന്ത്യയെന്നോ അമേരിക്കയെന്നോ യൂറോപ്പ് എന്നോ വ്യത്യസമില്ലാതെ കാലാവസ്ഥാ വ്യതിയാനങ്ങളാൽ വലയുകയാണ് ഇന്ന് ലോകം. ചൂട് ലോകത്തൊട്ടാകെ കൂടി വരുന്നു. ഉഷ്ണ തരംഗങ്ങളാൽ അനേകർ മരിക്കുന്നു. ഇതിന്റെയൊക്കെ മൂലകാരണം നമ്മൾ പരം പൊരുളിൽ നിന്നും അകന്നതാണെന്നും പ്രകൃതിയെ കീഴടക്കി എന്ന നമ്മുടെ അഹങ്കാരമാണെന്നും സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു.
പുരി ജഗന്നാഥ ക്ഷേത്രത്തിൽ വച്ചുണ്ടായ അനിർവചനീയമായ ആത്മീയ അനുഭൂതി ഓർത്തെടുത്തു കൊണ്ടാണ്, എങ്ങനെയാണു ദൈനം ദിന ജീവിതത്തിലെ തിരക്കുകൾ നമ്മെ ആ മഹാശക്തിയിൽ നിന്നുമുള്ള ബന്ധം വിച്ഛേദിക്കാൻ കാരണമാകുന്നതെന്നും, അതിനാലുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാനുള്ള ഒരേയൊരു വഴി നമ്മുടെ പാരമ്പര്യത്തിലേക്ക് തിരിച്ചു പോവുക മാത്രമാണെന്നും ഹൃദയസ്പർശിയായ വാക്കുകളിൽ അനുഗ്രഹീതമായ ഭാഷയിൽ വിവരിക്കുകയാണ് നമ്മുടെ രാഷ്‌ട്രപതി.
“ചില സ്ഥലങ്ങളുണ്ട്, അവ നമ്മെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് തിരിച്ചെത്തിക്കുകയും,നമ്മളും ഈ മനോഹരമായ പ്രകൃതിയുടെ ഒരു ഭാഗമാണെന്ന അനുഭൂതി ഉള്ളിൽ നിറയ്ക്കുകയും ചെയ്യും. പർവ്വതങ്ങൾ, ഗാഢമായ വനങ്ങൾ , അരുവികൾ, കടൽത്തീരങ്ങൾ എന്നിവ നമ്മുടെ ഉള്ളിൽ തന്നെ ആഴത്തിൽ ഉറങ്ങിക്കിടക്കുന്ന എന്തിനെയോ തൊട്ടുണർത്തുന്നത് പോലെ തോന്നും.
ഇന്ന് ഈ കടൽത്തീരത്ത് കൂടി നടന്നപ്പോൾ എനിക്ക് ചുറ്റുമുള്ള ഈ പ്രപഞ്ചവുമായി ഒന്നായത് പോലെ എനിക്ക് തോന്നി. ഇളം കാറ്റ്, തിരമാലകളുടെ ഇരമ്പൽ, വലിയ ജലവിതാനം. ഒരു ധ്യാനത്തിലെന്ന പോലെ ഞാൻ അവയെ അറിഞ്ഞു.
ഇന്നലെ മഹാപ്രഭു ശ്രീ ജഗന്നാഥജിയെ ദർശിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട ഒരു അഗാധമായ ആന്തരിക സമാധാനം തന്നെ ഇവിടെ വച്ചും എനിക്ക് ലഭിച്ചു . ഇത്തരത്തിലുള്ള അനുഭവം ഉണ്ടായത് എനിക്ക് മാത്രമല്ല എന്നെനിക്കറിയാം.നമ്മെയൊക്കെ നിസ്സാരരാക്കുന്ന, നമ്മളെ നിലനിർത്തുന്ന, ഈ ജീവിതത്തിന് അർത്ഥം തരുന്ന ആ പരം പൊരുളിന്റെ സാമീപ്യം അറിഞ്ഞവർക്കെല്ലാം ഉറപ്പായും ഈയനുഭവം ഉണ്ടായിട്ടുണ്ടാകും.
ദൈനംദിന ജീവിതത്തിൻ്റെ തിരക്കിനിടയിൽ, നമ്മുടെ അമ്മയായ പ്രകൃതിയുമായി ഈ ബന്ധം നമുക്ക് നഷ്ടപ്പെടുന്നു. മനുഷ്യവർഗം അത് പ്രകൃതിക്ക് മേൽ ആധിപത്യം നേടിയിട്ടുണ്ടെന്നും അതിൻ്റെ ഹ്രസ്വകാല നേട്ടങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുകയാണെന്നും വിശ്വസിക്കുന്നു.
അതിന്റെ തിക്തഫലങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട് . ഈ വേനൽക്കാലത്ത്, ഇന്ത്യയുടെ പല ഭാഗങ്ങളും ഭയങ്കരമായ ഉഷ്ണതരംഗങ്ങൾ അനുഭവിച്ചു. സമീപ വർഷങ്ങളിൽ ലോകമെമ്പാടും അസാധാരണമായ കാലാവസ്ഥാ വിപത്തുകൾ ഒരു പതിവായി മാറിയിരിക്കുന്നു. വരും ദശകങ്ങളിൽ സ്ഥിതി വളരെ മോശമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
ഭൂമിയുടെ ഉപരിതലത്തിൻ്റെ എഴുപത് ശതമാനത്തിലധികം സമുദ്രമാണ് . ആഗോളതാപനം ഈ സമുദ്രനിരപ്പ് ഉയരുന്നതിലേക്കാണ് നയിക്കുന്നത് . സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങൾ എപ്പോൾ വേണമെങ്കിലും വെള്ളത്തിനടിയിലാകുമെന്ന ഭീഷണിയിലാണ് . വിവിധ തരത്തിലുള്ള മലിനീകരണം മൂലം സമുദ്രങ്ങളും അവിടെ കാണപ്പെടുന്ന സമൃദ്ധമായ സസ്യജന്തുജാലങ്ങളും വളരെയധികം നശിച്ചു കൊണ്ടിരിക്കുകയാണ്.
ഭാഗ്യവശാൽ, പ്രകൃതിയുടെ മടിയിൽ ജീവിക്കുന്ന ആളുകൾക്ക് നമുക്ക് വഴി കാണിക്കാൻ കഴിയുന്ന പാരമ്പര്യങ്ങളുണ്ട്. തീരപ്രദേശങ്ങളിലെ നിവാസികൾക്ക്, ഉദാഹരണത്തിന്, കടലിലെ കാറ്റിൻ്റെയും തിരകളുടെയും ഭാഷ അറിയാം. നമ്മുടെ പൂർവ്വികരെ പിന്തുടർന്ന് അവർ കടലിനെ ദൈവമായി ആരാധിക്കുന്നു
പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പരിപാലനത്തിന്റെയും വെല്ലുവിളി നേരിടാൻ രണ്ടു വഴികളുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്….
ഗവൺമെൻ്റുകളിൽ നിന്നും അന്താരാഷ്‌ട്ര ഓർഗനൈസേഷനുകളിൽ നിന്നും ഉണ്ടാകാവുന്ന വിശാലമായ നടപടികളും..
പൗരന്മാർ എന്ന നിലയിൽ നമുക്ക് സ്വീകരിക്കാവുന്ന ചെറിയ, പ്രാദേശിക നടപടികളും.
രണ്ടും തീർച്ചയായും പരസ്പര പൂരകങ്ങളാണ്.
അതിനാൽ നല്ല നാളേയ്‌ക്കായി പ്രാദേശികമായി നമ്മളെ കൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.. .
കാരണം നാം നമ്മുടെ കുട്ടികളോട് കടപ്പെട്ടിരിക്കുന്നു..
Discussion about this post