ആലപ്പുഴ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന. അമ്പലപ്പുഴയിലെ ഒരു ബാറിലെ സിസിടിവിയിൽ ആണ് ബണ്ടി ചോർ ആണെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തെ തുടർന്ന് പോലീസ് അമ്പലപ്പുഴയിലെ ബാറിൽ എത്തി പരിശോധന നടത്തി.
അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്ന ബണ്ടി ചോർ പുറത്തിറങ്ങിയശേഷം ആലപ്പുഴയിൽ എത്തിയെന്നാണ് സൂചന. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തിയുടെ ദൃശ്യങ്ങൾ ബണ്ടി ചോറുമായി രൂപസാദൃശ്യം ഉള്ളവയാണ്. ഇയാളെ കണ്ട് സംശയം തോന്നിയ മറ്റൊരു വ്യക്തി അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയത്. സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ഉണ്ടായാൽ പോലീസിനെ വിവരം അറിയിക്കണം എന്നും പോലീസ് അഭ്യർത്ഥിച്ചു. ഹൈടെക് കള്ളൻ എന്നറിയപ്പെടുന്ന ബണ്ടി ചോറിന്റെ പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ ആണ് ഉള്ളത്. നേരത്തെ തിരുവനന്തപുരത്ത് നടത്തിയ മോഷണത്തിൽ പിടിയിലായിരുന്ന ഇയാൾ കേരളത്തിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Discussion about this post