തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ താരങ്ങൾ വരാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരും പ്രചാരണത്തിന് വരരുതെന്ന് താൻ നിർദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയ്ക്ക് താരസംഘടനയായ അമ്മ സ്വീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങരുതെന്ന് സഹപ്രവർത്തകരായ സിനിമാ താരങ്ങളോട് താൻ പറഞ്ഞിരുന്നു. അതിനാൽ അവരെ വിമർശിക്കേണ്ട ആവശ്യമില്ല. പലതവണ സുരേഷ് ഗോപിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്ന വിമർശനം പലരും കേട്ടിരുന്നു. എന്നാൽ ഇതിനിടെയും പലരും തന്നെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസും മറ്റ് വിഷയങ്ങളും ഉണ്ടായപ്പോൾ മോഹൻലാൽ എന്ന മനുഷ്യൻ തന്നെ വിളിച്ചിരുന്നു. താൻ എന്തെങ്കിലും ചെയ്യണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ വേണ്ടയെന്ന് പറഞ്ഞു. താനൊരു കുഴിയിലാണ്. തന്നെ പിന്തുണയ്ക്കുന്നവരും ആ കുഴിയിൽ അകപ്പെട്ടേക്കാം. അതിനാൽ സ്വയം സംരക്ഷിക്കുക. താൻ ഈ കുഴിയിൽ നിന്നും വെറുതെ കയറിവരില്ല. റോക്കറ്റ് ഷൂട്ടിംഗ് പോലെയാകും തന്റെ വരവ്. അതിനാൽ സ്വയം കുഴിയിൽ അകപ്പെടാതിരിക്കുക എന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു.
സിനിമയിൽ നിന്നും ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരച്ഛനായും മകനായും ആ വേദന പങ്കുവയ്ക്കും. ഭരത്ചന്ദ്രന്റെ ശുണ്ഠി തന്റെ രക്തത്തിൽ ഇല്ല. എന്നാൽ അത് ഹൃദയത്തിൽ ഉണ്ട്. ഭരത്ചന്ദ്രനെയാണ് ജനങ്ങൾക്ക് ആവശ്യം എങ്കിൽ അങ്ങിനെ ജീവിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post