കാഠ്മണ്ഡു : വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. വെള്ളിയാഴ്ച നേപ്പാൾ പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് പ്രചണ്ഡയ്ക്ക് തിരിച്ചടി നേരിട്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ- യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ്
പ്രചണ്ഡ സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ നേപ്പാളി കോൺഗ്രസ് പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയതാണ് നേപ്പാളിൽ അധികാര മാറ്റത്തിന് കാരണമായത്. കമ്മ്യൂണിസ്റ്റ് നേതാവ് കെ പി ശർമ്മ ഒലി ആയിരിക്കും നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രി ആവുക. പാർലമെന്റിൽ വിശ്വാസവോട്ട് നേടാനായി 275 അംഗ ജനപ്രതിനിധി സഭയിൽ 138 വോട്ടുകൾ ആയിരുന്നു പ്രചണ്ഡ സർക്കാരിന് വേണ്ടിയിരുന്നത്. എന്നാൽ 63 വോട്ടുകൾ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
നിലവിൽ പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ സിപിഎൻ- മാവോയിസ്റ്റ് പാർട്ടിക്ക് പാർലമെന്റിൽ 32 അംഗങ്ങൾ മാത്രമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ- യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയ്ക്ക് 78 അംഗങ്ങളും നേപ്പാളി കോൺഗ്രസിന് 89 അംഗങ്ങളും ഉണ്ട്. കെ പി ശർമ്മ ഒലിയെ അടുത്ത പ്രധാനമന്ത്രിയായി അംഗീകരിക്കുന്നതായി നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദേബ വ്യക്തമാക്കി.








