ബംഗളൂരു : കർണാടകയിലെ സ്വകാര്യ തൊഴിൽ മേഖലകളിൽ കന്നഡക്കാർക്ക് സംവരണം ഏർപ്പെടുത്തുന്ന കന്നഡിഗ സംവരണ ബില്ലിനെതിരെ എതിർപ്പ് രൂക്ഷമാകുന്നു. കടുത്ത വിമർശനങ്ങളെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡിഗ സംവരണ ബില്ലിനെ കുറിച്ച് എക്സിൽ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. ബംഗളൂരുവിലെ വ്യവസായ സമൂഹവും സംരംഭകരും ബില്ലിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്നത് കർണാടക സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കർണാടകയിലെ സ്വകാര്യസ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ആണ് പുതിയ ബിൽ പ്രകാരമുള്ള സംവരണം ബാധകമാവുക. മാനേജ്മെന്റ് പദവികളിൽ 50 ശതമാനവും നോൺ മാനേജ്മെന്റ് ജോലികളിൽ 75 ശതമാനവും കർണാടക സ്വദേശികളെ നിയമിക്കണം എന്നാണ് കന്നഡിഗ സംവരണ ബിൽ വ്യക്തമാക്കുന്നത്. കർണാടക മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നൽകിയിരുന്നു.
എന്നാൽ ബംഗളൂരുവിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് അടക്കം കടുത്ത എതിർപ്പ് ഉയർന്നതോടെ ബിൽ നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കർണാടക സർക്കാരിന് ആശങ്കയുണ്ട്. വ്യവസായ സംഘടനകളും ആയി ചർച്ച ചെയ്ത ശേഷം മാത്രമേ ബിൽ നടപ്പാക്കൂ എന്നാണ് നിലവിൽ കർണാടക സർക്കാരിന്റെ തീരുമാനം. ചർച്ചയിൽ സമവായം ഉണ്ടായില്ലെങ്കിൽ ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ പരിഗണിക്കില്ല എന്നും സൂചനയുണ്ട്. കന്നഡിഗ സംവരണ ബിൽ നടപ്പിലാക്കുകയാണെങ്കിൽ ബംഗളൂരുവിൽ അടക്കം പ്രവർത്തിക്കാൻ കഴിയില്ലെന്നും ഹൈദരാബാദ് പോലെയുള്ള സ്ഥലങ്ങളിലേക്ക് മാറേണ്ടി വരുമെന്നും സംരംഭകർ വ്യക്തമാക്കിയിരുന്നു.
Discussion about this post