ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് 7500 രൂപയോളം പലിശ ലഭിക്കുന്ന മികച്ചൊരു നിക്ഷേപ പദ്ധതി സ്ത്രീകൾക്കായി ഒരുക്കുകയാണ് കേന്ദ്രസർക്കാർ. സ്ത്രീകളിലെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. മികച്ച പലിശ കൂടാതെ ആദായനികുതി ഇളവുകളും ഈ പദ്ധതിയിൽ ലഭ്യമാണ്.
7.5% ആണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പലിശ നിരക്ക്. സ്ത്രീകൾക്കായുള്ള നിക്ഷേപ പദ്ധതികളിൽ ഉയർന്ന പലിശ ലഭിക്കുന്ന പദ്ധതിയാണ് ഇത്. കൂടാതെ രണ്ടുവർഷത്തേക്ക് മാത്രം നിക്ഷേപം നടത്താൻ കഴിയുന്ന ചെറിയ കാലാവധി നിക്ഷേപ പദ്ധതി കൂടിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം എന്നുള്ളതാണ് ഈ പദ്ധതിയുടെ മറ്റൊരു ആകർഷണം. 10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്കും ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാവുന്നതാണ്.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി പ്രകാരം ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ വരെയാണ്. 7.5% പലിശ ലഭിക്കുന്നതിനാൽ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരൊറ്റ വർഷം കൊണ്ട് 15,000 രൂപ ലാഭമായി ലഭിക്കും. നിക്ഷേപ കാലാവധിയായ രണ്ടുവർഷം പൂർത്തിയാകുമ്പോൾ 31,125 രൂപ പലിശയായി ലഭിക്കുന്നതാണ്. പോസ്റ്റ് ഓഫീസുകളിലൂടെയും ഏതാനും ചില ദേശസാൽകൃത ബാങ്കുകളിലും ആണ് ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ കഴിയുക. ഇന്ത്യാ പോസ്റ്റിന് പുറമെ ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പിഎൻബി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപം നടത്താൻ കഴിയുന്നതാണ്.









Discussion about this post