ഡെറാഡൂൺ : അനധികൃത ട്രസ്റ്റുകളും കമ്മിറ്റികളും തടയാനായി കർശന നിയമം കൊണ്ടുവരാൻ ഒരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന ഉത്തരാഖണ്ഡ് കാബിനറ്റ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുള്ളത്. ഉത്തരാഖണ്ഡിലെ പ്രശസ്ത ക്ഷേത്രങ്ങൾ ആയ ചാർധാമിൻ്റെയും മറ്റ് ക്ഷേത്രങ്ങളുടെയും പേരിൽ ട്രസ്റ്റുകളോ കമ്മിറ്റികളോ രൂപീകരിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മതങ്ങളുടെ പേരിലുള്ള ട്രസ്റ്റുകൾ രൂപീകരിക്കണമെങ്കിൽ സർക്കാരിൽ നിന്നും കൃത്യമായ അനുമതി വാങ്ങിയിരിക്കണമെന്നും അതിനായി കർശന നിയമങ്ങൾ കൊണ്ടുവരുമെന്നും പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
ഡൽഹിയിലെ ബുരാരിയിൽ കേദാർനാഥ് ക്ഷേത്രത്തിൻ്റെ ഒരു പകർപ്പ് നിർമ്മിക്കാനുള്ള ശ്രീ കേദാർനാഥ് ധാം ഡൽഹി ട്രസ്റ്റിൻ്റെ നിർദ്ദേശത്തെച്ചൊല്ലി അടുത്തിടെയുള്ള വിവാദങ്ങൾക്കിടയിലാണ് ഈ തീരുമാനം.
ഡൽഹിയിൽ കേദാർനാഥിന് സമാനമായ ക്ഷേത്രം നിർമ്മിക്കുന്നതിൽ പുരോഹിതന്മാർക്കിടയിൽ നിന്ന് അടക്കം കടുത്ത എതിർപ്പാണ് ഉയരുന്നത്. ഡൽഹിയിൽ നിർമിക്കുന്ന ക്ഷേത്രത്തിന് കേദാർനാഥ് ക്ഷേത്രമെന്ന പേര് നൽകുന്നതിലൂടെ വികാരം വ്രണപ്പെടുകയാണെങ്കിൽ ട്രസ്റ്റ് ക്ഷേത്രത്തിൻ്റെ പേര് മാറ്റുമെന്ന് ഡൽഹി കേദാർനാഥ് ടെംലെ ട്രസ്റ്റ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post