കൊളംബോ : വനിതാ ഏഷ്യ കപ്പ് 2024ലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ പെൺപുലികൾ. ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ 7 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 109 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ പെൺപട 14.1 ഓവറിൽ തന്നെ വിജയം കുറിച്ചു.
ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. പാക് താരം സിദ്ര അമിൻ നേടിയ 25 റൺസ് ആണ് പാക് പടയുടെ ഉയർന്ന സ്കോർ. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിക്കൊണ്ട് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ ദീപ്തി ശർമ്മ ആണ് മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവച്ചത്. 19.2 ഓവറിൽ വെറും 108 റൺസ് മാത്രം നേടാനെ പാകിസ്താൻ ടീമിന് കഴിഞ്ഞുള്ളൂ.
109 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരായ ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും ചേർന്ന് 9.5 ഓവറിൽ തന്നെ 85 റൺസ് നേടി. 39 പന്തിൽ 9 ബൗണ്ടറികളടക്കം നേടിക്കൊണ്ട് 45 റൺസ് ആണ് സ്മൃതി മന്ദാന നേടിയത്. 29 പന്തുകൾ നേരിട്ട ഷെഫാലി വർമ്മ ആറ് ഫോറും ഒരു സിക്സും സഹിതം 40 റൺസും നേടി. ഹേമലത ദയാളൻ 14 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അഞ്ചു റൺസും ജെമിമ റോഡ്രിഗസ് മൂന്ന് റൺസും നേടിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം പൂർത്തിയായി.
Discussion about this post