മലപ്പുറം : നിപ ബാധിച്ചതായി സംശയിക്കുന്ന മലപ്പുറത്തെ 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നിട്ടുള്ളത്. കുട്ടിക്ക് നിപ ബാധിച്ചതായും സംശയിക്കുന്നതിനാൽ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊച്ചിയിലെ മെട്രോപോളിസ് ലാബിലേക്ക് അയച്ച സാമ്പിളിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. കുട്ടിയുടെ നിപ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ മാത്രമായിരിക്കും പുറത്തുവരിക. നിലവിൽ രോഗബാധ സംശയിക്കുന്നതിനാൽ കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും സമ്പർക്കം ഉണ്ടായവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിപ ബാധ സംശയിക്കുന്ന 15 വയസ്സുകാരന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവരെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ മുതൽ തന്നെ ആരംഭിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Discussion about this post