പാരിസ് : 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ താരം മനു ഭാക്കർ ഫൈനലിലേക്ക് യോഗ്യത നേടി. 45 അത്‌ലറ്റുകളുള്ള ഫീൽഡിൽ 580-27x എന്ന സ്‌കോറോടെ മൂന്നാം സ്ഥാനത്തെത്തിയാണ് മനു ഭാക്കർ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.
മത്സരത്തിൽ 10-ഷോട്ട് ഫസ്റ്റ് സീരീസിൽ 97/100 നേടിയ മനു ഭാക്കർ ഓപ്പണിംഗ് സീരീസ് മുതൽ സ്ഥിരത പുലർത്തി. മനു നേടിയ ഏഴ് 10-കളും ഇന്നർ 10-കൾ ആയിരുന്നു. രണ്ടാം പരമ്പരയിലും 97 റൺസാണ് മനു നേടിയത്. അതേസമയം ഇന്ത്യൻ താരം റിഥം സാങ്‌വാൻ ഷൂട്ടിംഗ് മത്സരത്തിലെ യോഗ്യതാ റൗണ്ടിൽ പുറത്തായി.
2018 ഐഎസ്എസ്എഫ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണമെഡലുകൾ നേടിയിട്ടുള്ള താരമാണ് 22 കാരിയായ മനു ഭാക്കർ. ഐഎസ്എസ്എഫ് ലോകകപ്പിൽ സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി കൂടിയാണ് മനു . 2018 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ 16 വയസ്സുള്ളപ്പോൾ ആണ് മനു സ്വർണ്ണ മെഡൽ നേടിയിരുന്നത്. ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇഷാ സിംഗ് , റിഥം സാങ്‌വാൻ എന്നിവർക്കൊപ്പം ഇന്ത്യക്കായി സ്വർണ്ണം നേടിയ ടീമിലും മനു ഉണ്ടായിരുന്നു.
Discussion about this post