ഹൈദരാബാദ്: മോഷ്ടിക്കാൻ കയറിയ സ്ഥലത്ത് കയ്യിലെ കാശുവച്ച് കള്ളൻ മടങ്ങി. തെലങ്കാനയിലെ മഹേശ്വരത്ത് ആണഇ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ഹോട്ടലിൽ കള്ളൻ കയറിയത്. കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകർത്തായിരുന്നു കള്ളൻ അകത്ത് കയറിയത്. ഹോട്ടലിന് പുറത്തുവച്ച സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തുടർന്ന് അകത്ത് കടന്ന കള്ളൻ കട പരിശോധിച്ചു. പൈസ സൂക്ഷിക്കുന്ന സ്ഥലത്ത് ആയിരുന്നു ആദ്യമായി തിരഞ്ഞത്. എന്നാൽ ചില്ലറ പൈസ പോലും ഇവിടെ നിന്നും ലഭിച്ചില്ല. ഇതോടെ വിലപിടിപ്പുള്ള വസ്തുക്കൾ നോക്കി കട മുഴുവൻ അരിച്ച് പെറുക്കി. എന്നാൽ ഫലം കണ്ടില്ല. ഇതോടെ അടുക്കളയിലേക്ക് കടന്ന് അവിടെയെന്തിങ്കിലും കൊണ്ടുപോകാൻ ഉണ്ടോയെന്ന് നോക്കി. എന്നാൽ അവിടെ നിന്നും ഒന്നും കിട്ടിയില്ല. ഇതോടെ നിരാശനായ കള്ളൻ കൂടുതൽ സമയം പാഴാക്കാതെ മടങ്ങാമെന്ന് ചിന്തിക്കുകയായിരുന്നു.
എന്നാൽ നിരാശയ്‌ക്കൊപ്പം വന്ന ദേഷ്യം അടക്കാൻ സിസിടിവിയ്ക്ക് മുൻപിൽ വന്ന് ഉടമയെ ചീത്ത വിളിച്ചു. ഒരു രൂപ പോലും ഇവിടെ നിന്നും കിട്ടാനില്ല. നമിച്ചു, എന്നായിരുന്നു കള്ളൻ ക്യാമറ നോക്കി പറഞ്ഞത്. ഇതിന് ശേഷം ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത കള്ളൻ 20 രൂപ മേശയ്ക്ക് മുകളിൽ വച്ചശേഷമാണ് മടങ്ങിയത്.
രാവിലെ കട തുറക്കാൻ എത്തിയ ഉടമ വാതിൽ തകർന്നതായി കണ്ടു. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം കണ്ടത്.
Discussion about this post