വയനാട്: ഒറ്റ ദിവസം കൊണ്ട് ദുരന്ത ഭൂമിയായി മാറിയ വയനാടിന് സഹായ ഹസ്‌തവുമായി വ്യവസായ പ്രമുഖന്മാരായ ഗൗതം അദാനിയും എംഎ യൂസഫ് അലിയും. വയനാടിന് സഹായമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 5 കോടി വീതം നൽകി.
ഗൗതം അദാനിക്കും യൂസഫ് അലിക്കും പുറമെ നിരവധി വ്യവസായികളാണ് വയനാടിന് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവരും അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കിക്കഴിഞ്ഞു.
എല്ലാ മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ പേരില്‍ ഉള്‍പ്പെടെ ഒറ്റയ്ക്കും കൂട്ടായും പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post