കോഴിക്കോട് : കടുത്ത ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ട റസ്റ്റോറന്റ് ആരോഗ്യവകുപ്പ് പൂട്ടിച്ചു. കോഴിക്കോട് പന്നിയങ്കരയിൽ പ്രവർത്തിച്ചിരുന്ന ‘കോക്കോ കൂപ്പ’ റസ്റ്റോറന്റ് ആണ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ മാസങ്ങളോളം പഴകിയ ഭക്ഷ്യവസ്തുക്കൾ ആണ് കണ്ടെത്തിയത്.
ബർഗർ, ഫ്രൈഡ് ചിക്കൻ, ബ്രോസ്റ്റ് തുടങ്ങിയവ വിൽക്കുന്ന പന്നിയങ്കരയിലെ കടയായിരുന്നു ‘കോക്കോ കൂപ്പ’. ഈ റസ്റ്റോറന്റിനുള്ളിൽ നിന്നും കടുത്ത ദുർഗന്ധം വരുന്നതായി നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ എത്തി പരിശോധന നടത്തിയപ്പോൾ ആണ് മാസങ്ങളോളം പഴകിയ ചിക്കൻ അടക്കമുള്ളവ കണ്ടെത്തിയത്.
പഴകിയ ചിക്കൻ കൂടാതെ പഴകിയ ബൺ, വൃത്തിഹീനമായി സൂക്ഷിച്ച മയോണൈസ് എന്നിവയും ഈ സ്ഥാപനത്തിനുള്ളിൽ നിന്നും കണ്ടെത്തി. റസ്റ്റോറന്റ് ഉടമയ്ക്കെതിരെ മുനിസിപ്പൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം പോലീസിനെ അറിയിച്ചതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post