വാഷിംഗ്ടൺ : മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാക് പൗരൻ കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. 46 കാരനായ ആസിഫ് റാസ മർച്ചന്റ് ആണ് ട്രംപിനെ വധിക്കാൻ ശ്രമം നടത്തുന്നതിന് തലേന്ന് അറസ്റ്റിലായത്.
ഗൂഢാലോചനയ്ക്ക് ശേഷം അമേരിക്ക വിടാൻ ഒരുങ്ങുകയായിരുന്നു ആസിഫ്. ഇതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം പാക് പൗരന് ഇറാൻ ഭരണകൂടവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക പറയുന്നത്. ആസിഫ് റാസ മർച്ചൻ്റിന് പാകിസ്ഥാനിലും ഇറാനിലും കുടുംബം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കൻ പൊതു ഉദ്യോഗസ്ഥർരോട് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചിരുന്നു. ഇറാന്റെ പരിശ്രമങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പ് പ്രവർത്തിക്കുന്നുണ്ട്. 2020 ൽ ഡൊണാള്‍ഡ് ട്രംപാണ് ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത്. ഇതേ തുടർന്നാണ് ട്രംപിന് നേരെയുള്ള കൊലപാതക ഗൂഢാലോചന എന്നാണ് കണ്ടെത്തൽ.
ഇയാൾക്കെതിരെ ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇറാനിൽ കുറച്ചുകാലം താമസിച്ചതിന് പിന്നാലെ പാകിസ്താനിലേക്ക് ആസിഫ് മടങ്ങിയിരുന്നുവെന്നും തുടർന്നാണ് ന്യൂയോർക്കിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിലിൽ ന്യൂയോർക്കിൽ എത്തിയതിന് ശേഷമാണ് ഗൂഢാലോചന നടത്തിയത്. പാക് പൗരൻ ഒരു ഏജന്റിനെ ആദ്യം സമീപിക്കുകയും തുടർന്ന് അയാൾ എഫ് ബി ഐക്ക് വിവരം കൈമാറുകയായിരുന്നു. ഏജൻറ് വഴി വാടക കൊലയാളികളെ ഏർപ്പാടാക്കുകയും ആദ്യഗഡുവായി 5,000 ഡോളർ നൽകുകയും ചെയ്തു.
Discussion about this post