ന്യൂഡൽഹി : 2047-ഓടെ ‘വീക്ഷിത് ഭാരത്’ ആയി മാറാൻ ലക്ഷ്യമിടുകയാണ് ഇന്ത്യ. അതിവേഗം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഭാവി വീക്ഷണങ്ങൾക്ക് അനുസൃതമായി പുതിയ പദ്ധതികൾ അവതരിപ്പിക്കുകയാണ് വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി. സുസ്ഥിര മൊബിലിറ്റി ഭാവി ലക്ഷ്യമിട്ട് വരും മാസങ്ങളിൽ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ മാരുതി സുസുക്കി ഇന്ത്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വലിയ പ്രതീക്ഷ ഉണർത്തുന്ന വീക്ഷിത് ഭാരത് യാത്രയിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി അറിയിച്ചു. ഇതുവരെയായി രാജ്യത്ത് നിരവധി
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും രാഷ്ട്രനിർമ്മാണത്തിന് സംഭാവന ചെയ്യുന്നതിലും മാരുതി സുസുക്കിക്ക് കഴിഞ്ഞു എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാറുകളുടെ നിർമ്മാണം എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കി വിപണിയിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ അറിയിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മാരുതിയുടെ ഇലക്ട്രിക് കാറുകൾ വിപണിയിൽ എത്തും. ഇലക്ട്രിക് കാറുകളിൽ ഏറ്റവും മികച്ച ഹൈബ്രിഡ് സാങ്കേതികവിദ്യ ഉറപ്പാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു
Discussion about this post