പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ സെമി ഫൈനലിന് ശേഷം വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് ശരീരഭാരം 4.6 കിലോ ഗ്രാം കുറയ്ക്കേണ്ടി വന്നതായി 57 കിലോ പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് അമൻ സെഹ്രാവത്ത്. 100 ഗ്രാം അധിക ശരീരഭാരം കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട പശ്ചാത്തലത്തിലാണ് അമന്‍ താന്‍ 10 മണിക്കൂര്‍ കൊണ്ട് 4.6 കിലോ ഗ്രാം കുറച്ച കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ അതിനു വേണ്ടി ചെയ്ത കാര്യങ്ങൾ അല്പം കഠിനമായിരുന്നു എന്ന് വെളുപ്പെടുത്തുകയാണ് അമൻ.
ആദ്യം തന്നെ ഒന്നര മണിക്കൂര്‍ മാറ്റ് സെഷൻ. തുടർന്ന് ഒരു മണിക്കൂര്‍ ഹോട്ട് ബാത്ത്. രാത്രി 12.30 ഓടെ ട്രെഡ് മില്ലില്‍ ഒരു മണിക്കൂര്‍ നിര്‍ത്താതെയുള്ള ഓട്ടം. അതു കഴിഞ്ഞ് അര മണിക്കൂര്‍ വിശ്രമത്തിനുശേഷം അഞ്ച് മിനിട്ട് വീതമുള്ള സൗന ബാത്ത് സെഷന്‍. എന്നാൽ ഇതിനൊക്കെ ശേഷവും ഭാരം നോക്കിയപ്പോള്‍ അമന് 900 ഗ്രാം അധികഭാരമുണ്ടായിരുന്നു.
പിന്നീട് മസാജിംഗ് സെഷനുശേഷം ചെറിയ ജോംഗിഗും 5-15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓട്ടവും നടത്തി . തുടർന്ന് പുലര്‍ച്ചെ 4.30ന് ശരീരഭാരം നോക്കുമ്പോള്‍ അമന്‍ 56.9 കിലോ ഗ്രാമിലെത്തി.
ഈ പരീശീലനത്തിനിടെ അമന്‍ ആകെ കുടിച്ചത് നാരങ്ങ പിഴഞ്ഞ ചെറു ചൂടു വെള്ളവും തേനും കുറച്ച് കാപ്പിയും മാത്രം. അതിനുശേഷം അമനും പരിശീലകരും ഉറങ്ങിയില്ല. പിന്നീടുള്ള സമയം മുഴുവന്‍ ഗുസ്തി വീഡിയോകള്‍ കണ്ടിരുന്നു.
അതെ സമയം ഓരോ മണിക്കൂർ കൂടുമ്പോഴും അമന്‍റെ ശരീരഭാരം പരിശീലകര്‍ പരിശോധിച്ചു കൊണ്ടിരിന്നു.
Discussion about this post