ഐപിഎൽ സമയത്ത് രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അത് ആരാധകർക്ക് ഒരു ഷോക്ക് തന്നെ ആയിരുന്നു . എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം വിരാട് കോഹ്‌ലിയും ഇതേ നിലപാട് സ്വീകരിച്ചപ്പോഴാണ് ആളുകൾ ശരിക്കും ഞെട്ടിയത്. ഇതോടെ ആരാധകർക്കിടയിൽ ഒരുപാട് റൂമറുകൾ പ്രചരിച്ചു. ബിസിസിഐ ഇവരുടെ വിരമിക്കൽ ആസൂത്രണം ചെയ്തതാണോ? രണ്ട് വലിയ താരങ്ങളെ പുറത്താക്കിയതാണോ? അങ്ങനെ പല സംസാരങ്ങളും നടന്നു.
ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഒടുവിൽ ഈ കിംവദന്തികൾക്ക് നേരെ പ്രതികരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഒരിക്കൽ കൂടി ഞാൻ അത് വ്യക്തമാക്കട്ടെ. രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം നമുക്കെല്ലാവർക്കും അനുഭവപ്പെടുന്നു. വിരമിക്കൽ തീരുമാനം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും സ്വന്തമായി എടുത്തതാണ്,” ശുക്ല പറഞ്ഞു. “ഒരു കളിക്കാരനോടും വിരമിക്കാൻ പറയരുത് എന്നത് ബിസിസിഐയുടെ നയമാണ്. അത് അവരുടെ തീരുമാനമായിരുന്നു. അവർ സ്വതന്ത്രമായി തീരുമാനമെടുത്തു. ഞങ്ങൾ എപ്പോഴും അവരെ ഇതിഹാസ ബാറ്റ്‌സ്മാൻമാരായി കണക്കാക്കും. അവർ രണ്ടുപേരും ഏകദിന മത്സരങ്ങളിൽ എങ്കിലും ഉണ്ടാകും എന്നത് സന്തോഷകരമാണ്.”
ഇന്ത്യയുടെ സമീപകാല ടെസ്റ്റ് പരാജയങ്ങൾക്ക് ശേഷം കോഹ്‌ലിയും രോഹിതും സമ്മർദ്ദത്തിലായിരുന്നു. 2024-ൽ ന്യൂസിലൻഡിനോട് നേരിട്ട ഹോം പരമ്പര തോൽവി വലിയ രീതിയിൽ ഇവരെ ബാധിച്ചു. ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി (ബിജിടി) തോൽവി കൂടി ആയാതോടെ പൂർത്തിയായി.
ടീമിന് ഒരു തലമുറ മാറ്റം ആവശ്യമാണെന്ന് അഭ്യൂഹങ്ങൾ അതോടെ ശക്തമായി. എന്തായാലും തങ്ങൾ ആയിട്ട് തന്നെ സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തുന്നത് ആണ് നല്ലത് എന്നത് മനസ്സിലാക്കിയത് കൊണ്ടാകും ഇവർ ആ തീരുമാനം എടുത്തത്.
Discussion about this post