കൊല്ലം : സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ സൈനികന് കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയായ സുധീഷ് ജീവനോടെയുണ്ടെന്ന അഭ്യൂഹം. ഇതോടെ വീട്ടുകാരും നാട്ടുകാരും പ്രതീക്ഷയിലാണ്.
റഷ്യന്‍ നിര്‍മ്മിത റഡാര്‍ ഉപയോഗിച്ച് മഞ്ഞുമലയില്‍ ജീവന് നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള പ്രത്യേക സ്കാനിംഗ് നടത്തിയപ്പോള്‍ സിഗ്നല്‍ അനുകൂലമായിരുന്നുവെന്ന സൂചനയാണ് ലഭിച്ചത്. അവധിയ്ക്ക് നാട്ടില്‍ വന്ന സുധീഷിനോടൊപ്പം ജോലിചെയ്തിരുന്ന കായംകുളം സ്വദേശി അജയന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം ലഭിച്ചത്.
ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്നലും ജീവന് ഉണ്ടെങ്കില്‍ പച്ച സിഗ്നലും തെളിയുന്ന റഡാറില്‍ പച്ച സിഗ്നലാണ് തെളിഞ്ഞതെന്ന് സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ബി. ബി.സിയിലും പരാമര്‍ശം വന്നതോടെയാണ് അജയന് ഇവരുടെ കമാണ്ടന്റിനോട് വിവരങ്ങള്‍ ആരാഞ്ഞത്.
ഇരുന്നൂറോളം സിവിലിയന്മാരും പത്തിലേറെ സൈനികരുമടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതായി അറിയിച്ചതായും സുധീഷിന്റെ സഹോദരി ഭര്‍ത്താവ് വര്‍ക്കല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജയപാലന് മാധ്യമങ്ങളോട് പറഞ്ഞത്. അഭ്യൂഹം യാഥാര്ത്ഥ്യമാകണേ എന്ന പ്രാര്‍ത്ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും. പുതിയ വിവരം ലഭിച്ചതോടെ വിവിധ സംഘടനകള്‍ സുധീഷിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നാട്ടില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റി.
സുധീഷ് ഉള്‍പ്പെടെ പത്ത് സൈനികരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച 600 മീറ്റര്‍ ഉയരവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള മഞ്ഞുമല ഇടിഞ്ഞ് വീണ് കാണാതായത്.
Discussion about this post