ബെയ്ജിംഗ്: ലോകത്ത് പ്രാണികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി ഗവേഷകർ. പ്രാണികളുടെ എണ്ണം കുറയുന്നത് പ്രകൃതിയുടെ ആവാസവ്യവസ്ഥയെ അപകടത്തിലേക്ക് നയിക്കുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകരുടേത് ആണ് ഇതുമായി ബന്ധപ്പെട്ട പഠനം.
ഏതാനും വർഷങ്ങൾ കൊണ്ട് നല്ലൊരു ശതമാനം പ്രാണികളുടെ എണ്ണമാണ് കുറഞ്ഞത്. തെരുവ് വിളക്കുകൾ ആണ് പ്രാണികളുടെ നാശത്തിന് കാരണം ആയത് എന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വരും നാളുകളിലും ഇത് ആവർത്തിക്കുമെന്നും, ഇത് പ്രകൃതി ദോഷം ചെയ്യുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. പാറ്റകൾ വിശന്നുമരിക്കുകയാണെന്നാണ് ഗവേഷകർ പറയുന്നത്.
പരിസ്ഥിതി പ്രവർത്തകൻ ആയ ഷുവാംഗ് ഷാംഗിന്റെ നേതൃത്വത്തിൽ ആണ് പഠനം നടത്തിയിട്ടുള്ളത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ പ്രാണികളുടെ എണ്ണം കുറയുന്നതായും ആവാസവ്യവസ്ഥയിൽ മാറ്റം വരുന്നതായും ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇതിന്റെ കാരണം അന്വേഷിക്കാൻ ഗവേഷകർ തീരുമാനിച്ചത്. സ്ട്രീറ്റ് ലൈറ്റിൽ നിന്നും കൂടുതലും കുറവും വെളിച്ചം തട്ടുന്ന ഇലകൾ എടുത്തായിരുന്നു പഠനം. 5,500 ഇലകൾ ഇതിനായി ശേഖരിച്ചു.
സ്ട്രീറ്റ് ലൈറ്റുകളിൽ നിന്നുള്ള രശ്മികൾ ഇലകളുടെ കട്ടി വർദ്ധിപ്പിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും കണ്ടെത്തി. ഇതോടെയാണ് ലൈറ്റുകളാണ് പ്രാണികളുടെ നാശത്തിന് കാരണം ആകുന്നതെന്ന കണ്ടെത്തലിൽ ഗവേഷകർ എത്തിയത്.
ഇലകളുടെ നീരൂറ്റിക്കുടിച്ച് ജീവിക്കുന്നവയാണ് പ്രാണികൾ. എന്നാൽ സ്ട്രീറ്റ് ലൈറ്റ് വന്നതോട് കൂടി ഇലയുടെ കട്ടി കൂടുകയും ഇത് ഇലകൾ ചവച്ച് നീരെടുക്കാൻ പ്രാണികളിൽ പ്രയാസം ഉണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ഇവ വിശന്ന് ചാകാൻ തുടങ്ങിയത്.
Discussion about this post