എറണാകുളം: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ പരാതിയില്‍ കൊച്ചി നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അന്വേഷണസംഘം നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം കൊൽക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. അതേസമയം. ഓൺലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും സംഘം പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം, എറണാകുളം സിജെഎം കോടതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തീകരിക്കും.
തിങ്കളാഴ്ച്ച വൈകീട്ടോടെ ഇമെയില്‍ ആയാണ് നടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ആണ് പരാതിയില്‍ പറയുന്നത്.
Discussion about this post