കൊല്‍ക്കത്ത: ബംഗ്ലാദേശ് മാദ്ധ്യമപ്രവർത്തകയുടെ മൃതദേഹം കായലില്‍ കണ്ടെത്തി. 32 കാരിയായ സാറാ രഹനുമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബംഗാളി ഭാഷയിലുള്ള ഒരു വാർത്താ ചാനലിൻ്റെ ന്യൂസ് റൂം എഡിറ്ററായിരുന്നു സാറാ രഹനുമ.
ധാക്കയിലെ ഹതിർജീൽ തടാകത്തിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കായലില്‍ കണ്ട വഴിയാത്രക്കാരൻ അവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ, പുലർച്ചെ 2 മണിയോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് യുവതി ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ചൊവ്വാഴ്ച 10.24 നും 10.36 നും ബംഗാളി ഭാഷയിൽ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകളും മരണത്തെ കുറിച്ചായിരുന്നു. ഇതിൽ രണ്ടാമത്തെ പോസ്റ്റ് ഫാഹിം ഫൈസല്‍ എന്ന വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടുള്ളതാണ് എന്ന് പോലീസ് കണ്ടെത്തി.
‘മരിച്ചു ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഒരു പോസ്റ്റ്.
‘നിന്നെ പോലൊരു സുഹൃത്ത് ഉണ്ടായതിൽ സന്തോഷം. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിങ്ങൾ ഉടൻ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്ന് എനിക്കറിയാം. ക്ഷമിക്കണം, അവയൊന്നും നിറവേറ്റാൻ കഴിയില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു രണ്ടാമത്തെ കുറിപ്പ്. ഇതിൽ ബംഗാളി പതാക ഉയർത്തി പിടിച്ചു കൊണ്ടുള്ള യുവതിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണം എന്നാണ് സംഭവത്തില്‍, ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് പ്രതികരിച്ചത്.










Discussion about this post