തിരുവനന്തപുരം: സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം. ഇന്ന് രാവിലെയോടെ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടു കൂടി സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി . ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇത് കൂടാതെ മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായിമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ അതിശക്തമായ മഴയ്ക്കും സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യത. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.
കൂടാതെ നാളെ കോഴിക്കോടും കണ്ണൂരും ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.








