ന്യൂഡൽഹി : 2024-25 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 6.7 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ഇതേ കാലയളവിൽ ചൈനയുടെ ജിഡിപി വളർച്ച 4.7 ശതമാനം മാത്രമാണ്. ഇതിനാൽ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുകയാണ്.
ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജിഡിപി അഞ്ച് പാദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയിരുന്നെങ്കിലും പുതിയ വളർച്ചാ നിരക്ക് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷാജനകമാണ്. എങ്കിൽപോലും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 8.2 ശതമാനത്തിലേക്ക് എത്താൻ കാർഷിക രംഗത്ത് നിന്നും ഉണ്ടായ തിരിച്ചടി മൂലം ഇന്ത്യക്ക് കഴിഞ്ഞില്ല. എന്നാൽ ഉൽപാദന മേഖലയിൽ മികച്ച വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച പുറത്തിറക്കിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) ഡാറ്റ പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഉൽപ്പാദന മേഖലയിലെ വളർച്ച 7 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ 5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വളർച്ചയാണിത്. നിർമ്മാണം (10.5%), വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ (10.4%), ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന ദ്വിതീയ മേഖലയിൽ (8.4%) ഗണ്യമായ വളർച്ചയാണ് 2024-25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post