ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയുടെ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നൽകുക ആയിരുന്നു. 14 ഓവർ എറിഞ്ഞ അദ്ദേഹം പന്ത് ഇരുവശത്തേക്കും ചലിപ്പിച്ച് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാരെ ബുദ്ധിമുട്ടിച്ചു. ജസ്പ്രീത് ബുംറ, ആകാശ് ദീപ് തുടങ്ങിയ താരങ്ങൾ പുതിയ പന്തിൽ കാര്യമായ ഭാഗ്യമില്ലാതെ കഠിനമായി ശ്രമിച്ചപ്പോൾ, റെഡ്ഡി ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണർമാരെ പുറത്താക്കി.
ഒന്നാം ദിനം കളി അവസാനിച്ച ശേഷം, 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സമയത്ത്, ഇംഗ്ലീഷ് സാഹചര്യങ്ങളിൽ എങ്ങനെ പന്തെറിയണമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനോട് ചില ഉപദേശങ്ങൾ ചോദിച്ചതായി നിതീഷ് വെളിപ്പെടുത്തി. കാലാവസ്ഥ നിരീക്ഷിക്കാനും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
“ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം, എന്റെ ബൗളിംഗ് മെച്ചപ്പെടുത്തണമെന്ന് എനിക്ക് തോന്നി. ഇത് എന്റെ ആദ്യ പര്യടനമായതിനാൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഞാൻ പാറ്റിനോട് ചോദിച്ചു. വ്യത്യസ്തമായ ഒന്നും ഇല്ല, പക്ഷേ നിങ്ങൾ കാലാവസ്ഥയെക്കുറിച്ച് ശ്രദ്ധിച്ച് നിങ്ങളുടെ കളി കളിക്കൂ എന്ന് അദ്ദേഹം പറഞ്ഞു,” മത്സരാനന്തര പത്രസമ്മേളനത്തിൽ റെഡ്ഡി പറഞ്ഞു.
രണ്ടാം ദിവസം അഞ്ച് വിക്കറ്റ് നേടി ലോർഡ്‌സ് ഓണർ ബോർഡിൽ പേര് ഉൾപ്പെടുത്തുന്നതിൽ നിങ്ങൾ ശ്രമിക്കുമോ എന്ന് റെഡ്ഡിയോട് ചോദിച്ചു. ഹൈദരാബാദ് ഓൾറൗണ്ടർ ഇങ്ങനെ മറുപടി നൽകി – “പന്ത് ഇരുവശത്തേക്കും ചലിക്കാൻ എനിക്ക് സാധിക്കുന്നു. ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട് ,,, എനിക്ക് എന്നിൽ തന്നെ വിശ്വാസമുണ്ടായിരിക്കണം. ബോർഡിൽ പേര് ലഭിച്ചാൽ ഞാൻ വളരെ സന്തോഷിക്കും,” റെഡ്ഡി പറഞ്ഞു.
മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. രണ്ട് ടീമുകൾക്കും തുല്യ മേധാവിത്വം നൽകിയ ആദ്യ ദിനമാണ് അവസാനിച്ചത് എന്ന് പറയാം . ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെൻ സ്‌റ്റോക്‌സ് (39) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Discussion about this post