സാരാനാഥിൽ ലോക ബുദ്ധമത നേതാക്കൾ ഒത്തുചേർന്ന് ആഷാഢ പൂർണിമ ആചരിച്ചു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി), കേന്ദ്ര സാംസ്കാരിക മന്ത്രാലയം, മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവർ ഒത്തുചേർന്നാണ് ആഷാഢ പൂർണിമ ആഘോഷം സംഘടിപ്പിച്ചത്. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ ദിവസത്തിന്റെ സ്മരണയിലാണ് ആഷാഢ പൂർണിമ ആചരിക്കുന്നത്.
ധമ്മചക്ര പ്രവർത്തക ദിവസമായ ആഷാഢ പൂർണിമ ഈ വർഷം ചരിത്രപ്രസിദ്ധമായ മുളഗന്ധ കുടി വിഹാരത്തിൽ ആണ് ആചരിച്ചത്. ധമേക് സ്തൂപത്തിന് ചുറ്റും പരിക്രമ ( പ്രദക്ഷിണം) നടത്തിക്കൊണ്ട് ബുദ്ധ നേതാക്കൾ ആത്മീയ ചടങ്ങുകൾ നടത്തി. മുളഗന്ധ കുടി വിഹാരത്തിന്റെ ചുമതലയുള്ള സുമിതാനന്ദ തേറോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധമത വിശ്വാസികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
വിയറ്റ്നാമിൽ നിന്നുള്ള മുതിർന്ന ബുദ്ധസന്യാസിനിയായ ദിയു ത്രി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ടിബറ്റൻ സ്റ്റഡീസിന്റെ വൈസ് ചാൻസലറായ വാങ്ചുക് ദോർജി നേഗി, ഇൻഡോ-ശ്രീലങ്ക ഇന്റർനാഷണൽ ബുദ്ധിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റ് അതിപുരാതന സുമേധ തേരോ എന്നിങ്ങനെ നിരവധി വിശിഷ്ട നേതാക്കൾ ചടങ്ങിന്റെ ഭാഗമായി. ഐബിസി സെക്രട്ടറി ജനറൽ ഷാർട്‌സെ ഖെൻസൂർ ജങ്‌ചുപ് ചോയ്‌ഡെൻ റിൻപോച്ചെ ആണ് സമാപന പ്രസംഗം നടത്തിയത്. സമാധാനപരമായ ഒരു ലോകത്തിന് വേണ്ട അടിത്തറ സഹാനുഭൂതി ആണെന്ന് ബുദ്ധമത നേതാക്കൾ അനുസ്മരിച്ചു.
Discussion about this post