ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവിൽ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാൽ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമാണ്.ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ് ഹൃദ്രോഗം എന്നത്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്.
സ്റ്റതസ്‌കൊപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതൽ ആൻജിയോഗ്രാഫി വരെയുള്ള പല ഹൃദയപരിശോധനകളും നിലവിലുണ്ട്. ഒ.പി യിൽ പെട്ടന്ന് രോഗം നിർണ്ണയിക്കാനാണ് ഇ.സി.ജി (ഇലക്ട്രോ കാർഡിയോഗ്രാം) എന്ന പരിശോധന.രോഗിയെ ക്രമമായ വ്യായാമരീതിക്കുവിധേയമാക്കി, അപ്പോഴെടുക്കുന്ന ഇ.സി.ജി പരിശോധിക്കുന്ന ടെസ്റ്റ് ആണ് ടി.എം.ടി അഥവാ ട്രെഡ്മിൽ ടെസ്റ്റ്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയിൽകൂടി ഒരു കത്തീറ്റ (ട്യൂബ് എന്ന് ലളിതമായി പറയാം) കടത്തിവിടുന്ന ഹൃദയപരിശോധനയാണ് കാർഡിയാക് കത്തീറ്റരൈസേഷൻ. റേഡിയോ ആക്ടീവ് തരംഗങ്ങൾ ഉപയോഗിച്ച് ഹൃദയചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്ങ്, സി.ടി. സ്‌കാനിങ്ങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആർ.ഐ സ്‌കാനിങ്ങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും നമ്മുടെ ചർമ്മവും പ്രകടിപ്പിക്കാറുണ്ട്. സാധാരണമായ ഹൃദ്രോഗലക്ഷണങ്ങളിലൊന്നാണ് വീക്കം. കാൽപാദങ്ങൾ, ഉപ്പൂറ്റി, മുട്ടിനു താഴെയുള്ള ഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന വീക്കവും നീരും. ഹൃദയം ഫലപ്രദമായി രക്തം പമ്പുചെയ്യാതിരിക്കുമ്പോൾ ശരീരകലകളിൽ ഫ്‌ലൂയ്ഡ് അടിഞ്ഞുകൂടും. ഗുരുതരമാകുമ്പോൾ വീക്കം കാലിന്റെ ഭാഗത്തേക്കും ഇടുപ്പിലേക്കും വ്യാപിക്കും
ചർമത്തിൽ പ്രത്യേകിച്ച് കൈവിരലുകളിലും കാൽവിരലുകളിലും നീലയോ പർപ്പിളോ നിറം കാണുകയും കൈകൾ ചൂടാക്കിയശേഷവും ഈ നിറം തുടരുകയും ആണെങ്കിൽ രക്തത്തിൽ ആവശ്യത്തിന് ഓക്‌സിജൻ ഇല്ല എന്നർഥം.
കൈവിരലുകളിലും കാൽവിരലുകളിലും അറ്റത്ത് വീക്കം ഉണ്ടായി ബൾബ് പോലെ ഉരുണ്ടോ താഴേക്ക് വളഞ്ഞോ കാണപ്പെടാം. ഈ മാറ്റം രക്തത്തിൽ ഓക്‌സിജൻ കുറയുന്നതു മൂലമാണുണ്ടാകുന്നത്.
ചർമത്തിൽ, പ്രത്യേകിച്ച് കണ്ണിന്റെ മൂലയ്ക്ക്, കൈമുട്ടുകൾ, കാൽമുട്ടുകൾ, കാലിന്റെ പുറകിൽ ഒക്കെ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ചെറു മുഴകൾ കാണാറുണ്ട്. ഇവ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലാകുന്നതു മൂലം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ്.
മറ്റ് ലക്ഷണങ്ങൾ
നെഞ്ച് വേദന ഹൃദ്രോഗത്തിന്റെ സാധാരണയായുള്ള ഒരു ലക്ഷണമാണ്. നെഞ്ചിൽ ഭാരം വർദ്ധിക്കുന്നതായി തോന്നിക്കുന്ന വേദനകൾ അവഗണിക്കരുത്. അത്തരക്കാർ തീർച്ചയായും ഡോക്ടറെ കാണുക.തോളിൽനിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക..അസിഡിറ്റിയും ഗ്യാസ് മൂലമുള്ള വേദനയും പലരും കാര്യമാക്കാറില്ല. എന്നാൽ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണം ആണെന്ന് അറിയുക. ഇത്തരക്കാർ ഉടൻ ഡോക്ടറെ കണ്ട് പരിശോധനകൾ വിധേയമാകുക.
നെഞ്ചിൽനിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന വേദന കഴുത്തിലും താടിയെല്ലിലും അനുഭവപ്പെടും. ഇത്തരം വേദനകൾ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും.ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല. എന്നാൽ നിർത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം. ചുമയ്ക്കൊപ്പം, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്. ഹൃദയസ്പന്ദനത്തിലുണ്ടാകുന്ന വ്യതിയാനം അധികമാർക്കും പെട്ടെന്ന് മനസിലാകില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും ഇത്.
Discussion about this post