എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതലായി മാദ്ധ്യമങ്ങളും സിനിമാ പ്രേമികളും ചർച്ച ചെയ്തത് മഹാനടനായ തിലകനെക്കുറിച്ചായിരുന്നു. പണ്ട് കാലത്ത് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളാണ് ചർച്ചയായത്. ഇപ്പോഴിതാ മാദ്ധ്യമ പ്രവർത്തകയായിരിക്കെ വീണാ ജോർജുമായി തിലകൻ സംസാരിച്ച കാര്യങ്ങൾ ആണ് ശ്രദ്ധയാകർഷിക്കുന്നത്. സിനിമയിലെ സൂപ്പർതാരങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വരെ ഇതിലുണ്ട്.
താൻ ഒരു സൂപ്പർ താരത്തെയും തല്ലിത്തകർക്കാൻ നോക്കിയിട്ടില്ലെന്ന് തിലകൻ പറയുന്നു. വിമർശിക്കപ്പെടുമെന്ന് തോന്നുമ്പോൾ മമ്മൂട്ടി ഭയപ്പെടാറുണ്ട്. വിമർശനങ്ങൾ നല്ലതാണെന്ന തിരിച്ചറിവ് മമ്മൂട്ടിയ്ക്ക് ഉണ്ടായിട്ടുണ്ടാകും. ഞാൻ വിമർശിക്കുമെന്ന് മമ്മൂട്ടിയ്ക്ക് തോന്നിയാൽ അയാൾ ചെയ്തികൾ നിയന്ത്രിക്കും. നന്നായി അഭിനയിക്കും. ഒരിക്കൽ ദുബായി വിമാനത്താവളത്തിൽവച്ച് തന്നെ കണ്ടതും ചേട്ടാ എന്ന് വിളിച്ച് ഓടിയെത്തി. അതൊരു സോപ്പാണ് എന്ന് തനിക്ക് മനസിലായി. കാരണം മകൻ തനിയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്.
സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ താത്പര്യം ഇല്ലെന്നേ പറഞ്ഞിട്ടുള്ളൂ. തിലകനൊപ്പം അഭിനയിച്ചാൽ നിങ്ങളെ ഓവർടേക്ക് ചെയ്യുമെന്ന് മോഹൻലാലിനോട് ആരോ പറഞ്ഞിട്ടുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി തോന്നിയിട്ടുണ്ട്.
മറ്റുള്ളവരെ ഭയപ്പെടുത്താനാണ് തന്നെ വിലക്കിയത്. സൂപ്പർ താരങ്ങൾക്ക് മറ്റുള്ളവരെ ഭയപ്പെടുത്തേണ്ടത് ആവശ്യമാണെന്നും തിലകൻ വ്യക്തമാക്കുന്നുണ്ട്.
Discussion about this post