കൊച്ചി: ഹിന്ദു സമൂഹത്തിനു ഗുണകരമാകുന്ന കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ് ദേവസ്വം ഫണ്ടെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി. അന്യകാര്യങ്ങൾക്ക് വേണ്ടി അതുപയോഗിക്കാനാകില്ലെന്നും ഹൈക്കോടതി വെളിപ്പെടുത്തി. ഡയാലിസിസ് സെന്ററിന് വേണ്ടി ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നും 40 ലക്ഷം വക മാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ പരാമർശം. ഇതേ തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി
ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകളും മറ്റും കഴിഞ്ഞ് തുക മിച്ചമുണ്ടെങ്കിൽ ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിന് വിനിയോഗിക്കാൻ മാത്രമേ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിൽ വ്യവസ്ഥയുള്ളൂവെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭക്തരുടെ കയ്യിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും 20 ലക്ഷത്തിലധികം രൂപ ചെലവഴിക്കണമെങ്കിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. ഡയാലിസിസ് സെന്ററിന്റെ കാര്യത്തിൽ അത് ഉണ്ടായില്ല. ദേവസ്വം ഫണ്ടിൽ നിന്ന് ഡയാലിസിസ് സെന്ററിന് വേണ്ടി 40 ലക്ഷം രൂപ മാറ്റിവച്ചത് ഉചിതമായില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
അതെ സമയം 2024 ജനുവരി ഒന്നിന് മുൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സെന്റർ ഉദ്ഘാടനം ചെയ്ത സെന്റർ ഒരു ദിവസം പോലും പ്രവർത്തിച്ചില്ല.
Discussion about this post