കൊൽക്കത്ത : ആർജി കർ മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ അവയവക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി ഐടി സെൽ മേധാവിഅമിത് മാളവ്യ. വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സിബിഐ അന്വേഷണം വിരൽചൂണ്ടുന്നത് അവയവക്കടത്തിലേക്കാണ് എന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്സിലാണ് മാളവ്യയുടെ പ്രതികരണം.
ഇതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പങ്കിനെക്കുറിച്ചും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സംശയമുന്നയിച്ചു. 200 കോടിയിലേറെ രൂപയുടെ അവയവക്കടത്ത് ശൃംഖല ബംഗാൾ മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സിബിഐ നടത്തിയ അന്വേഷണം സൂചന നൽകുന്നത്. ആർ.ജി.കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷാണ് ഈ ശൃംഖലയിലെ മുഖ്യൻ. കൊല്ലപ്പെട്ട വനിത ഡോക്ടർ സന്ദീപ് ഘോഷിനെയും അദ്ദേഹത്തിന്റെ ആളുകളെയും കുറിച്ച് മനസിലാക്കിയതിനാലാണോ അവരെ കൊലപ്പെടുത്തിയത് എന്നും സംശയം ഉന്നയിക്കുന്നുണ്ട്.
ബംഗാൾ ആരോഗ്യമന്ത്രിക്ക് ഉറപ്പായും ഇതേക്കുറിച്ച് അറിവുണ്ടാകും. ഇനി അറിയില്ലെങ്കിൽ തന്നെ അവർക്ക് ഈ സ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും മാളവ്യ പറഞ്ഞു. ബംഗാൾ മെഡിക്കൽ കോളജുകളിൽ 200 കോടിയുടെ ക്രമക്കേടുകൾ നടന്നതായി സൂചനയെന്ന മാദ്ധ്യമ വാർത്തകൾ പങ്കുവച്ചുകൊണ്ടായിരുന്നു മാളവ്യയുടെ പ്രതികരണം.
Discussion about this post