ചെന്നൈ: തമിഴ് നടിമാർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ഡോ. കാന്തരാജിനെതിരെ പോലീസിൽ പരാതി നൽകി നടി രോഹിണി. ചെന്നൈ സൈബർ ക്രൈം പോലീസിലാണ് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കാന്തരാജിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.
സിനിമാ, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ യൂട്യൂബ് വീഡിയോകൾ ചെയ്യുന്ന ആളാണ് കാന്തരാജ്. അടുത്തിടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാന്തരാജ് നടിമാരെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയത്. സിനിമയിൽ അവസരം ലഭിക്കുന്നതിനായി നടിമാർ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. ഇത് എല്ലാവർക്കും അറിയാം. നടന്മാരുമായും സംവിധായകരുമായും നടിമാർ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. സിനിമയിൽ ഇങ്ങനെയെല്ലാമാണ് അവസരം ലഭിക്കുക എന്ന നടിമാർക്കും അറിയാമെന്നും കാന്തരാജ് കൂട്ടിച്ചേർത്തു.
ഈ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിണി പോലീസിൽ പരാതി നൽകിയത്. തമിഴ് സിനിമയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ രോഹിണിയെ ചെയർപേഴ്‌സൺ ആയി താരസംഘടനയായ നടികർ സംഘം നിയമിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് രോഹിണി പരാതി നൽകിയത്. സിനിമയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളെയും അധിക്ഷേപിക്കുന്നതാണ് കാന്തരാജിന്റെ പരാമർശം എന്നാണ് രോഹിണിയുടെ പരാതി.
Discussion about this post