ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ പ്രമുഖ വ്യാപാരിയായ രത്തൻ ടാറ്റ നേതൃത്വം നൽകുന്ന ടാറ്റ ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിൽ പ്ലാന്റുകൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബ്രിട്ടണിലേത്. എന്നാൽ ബ്രിട്ടണിലെ സ്റ്റീൽ നിർമ്മാണം ടാറ്റ ഗ്രൂപ്പ് അവസാനിപ്പിച്ചിരിക്കുകയാണെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ നൂറ് വർഷക്കാലത്തെ പ്രവർത്തനങ്ങൾക്കാണ് വിരാമം ആകുന്നത്.
യുകെയിലെ സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിൽ ആണ് ടാറ്റയുടെ പ്ലാന്റ് ഉള്ളത്. നാലോളം ബ്ലാസ്റ്റ് ഫർണസ് ആയിരുന്നു കമ്പനിയ്ക്ക് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ നാലാമത്തെ ഫർണസ് കഴിഞ്ഞ ദിവസം അടച്ച് പൂട്ടി. ഇതോടെയാണ് സ്റ്റീൽ നിർമ്മാണം പൂർണമായി അവസാനിപ്പിച്ചത്. 2027-28 വർഷത്തിൽ സ്റ്റീൽ നിർമ്മാണം പുന:രാരംഭിക്കുമെന്നാണ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
ടാറ്റ സ്റ്റീൽസിന്റെ യുകെയിലെ സിഇഒ ആയ രാജേഷ് നായരാണ് ഇക്കാര്യം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചതായി വ്യക്തമാക്കിയത്. പരമ്പരാഗത ശൈലിയിൽ നിന്നും മാറി ഗ്രീൻ സ്റ്റീലിന്റെ നിർമ്മാണത്തിലേക്ക് കടക്കുകയാണ് കമ്പനി. ഇതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. പ്ലാന്റിന്റെ നിർമ്മാണം നിർത്തിവച്ചത് വലിയ ബുദ്ധിമുട്ടാണ് തങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഉണ്ടാക്കിയിട്ടുള്ളത്. തങ്ങളാൽ ആവുന്ന വിധം ഇതിന് പരിഹാരം കാണുമെന്നും രാജേഷ് നായർ അറിയിച്ചു.
രാജ്യത്തുള്ള സ്‌ക്രാപ്പ് സ്റ്റീൽ ഉപയോഗിച്ച് ഇലക്ട്രിക് ആർക്ക് ഫർണസ് അധിഷ്ഠിത സ്റ്റീൽ നിർമ്മാണം ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി അടുത്തിടെ യുകെ സർക്കാരുമായി കമ്പനി ധാരണയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാലാമത്തെ ബ്ലാസ്റ്റ് ഫർണസും അടച്ചുപൂട്ടിയത്.
Discussion about this post