ന്യൂയോർക്ക്: അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒരേ സമയം രൂപം കൊണ്ടത് മൂന്ന് ചുഴലിക്കാറ്റുകൾ. മിൽറ്റൻ, കിർക്ക്, ലെസ്ലീ എന്നീ ചുഴലിക്കാറ്റുകൾ ആണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ടത്. ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരേ സമയം മൂന്ന് ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത്. ഇതോടെ സമുദ്രത്തിന്റെ തീരമേഖലയിലുളള പ്രദേശങ്ങൾ വലിയ ഭീതിയിലാണ്.
നാഷണൽ ഹുറികേൻ സെന്ററാണ് മൂന്ന് ചുഴലിക്കാറ്റുകൾ രൂപം കൊണ്ടതായി വ്യക്തമാക്കിയത്. ഇതിൽ മിൽറ്റൻ ചുഴലിക്കാറ്റ് തീരത്തേയ്ക്ക് അടുത്തിട്ടുണ്ട്. ബാക്കി രണ്ട് ചുഴലിക്കാറ്റുകളും തീരമേഖല ലക്ഷ്യമിട്ട് സഞ്ചരിക്കുകയാണ്. അതേസമയം ഈ അപൂർവ്വ പ്രതിഭാസത്തിൽ അമ്പരന്നിരിക്കുകയാണ് സെന്ററിലെ ഗവേഷകർ. സാധാരണയായി ഒക്‌ടോബർ മാസത്തിൽ ചുഴലിക്കാറ്റുകൾ രൂപം കൊള്ളാറില്ല. എന്നാൽ ഇതിന് വിപരീതമായി തുടർച്ചയായി ചുഴലിക്കാറ്റുകൾ രൂപം കൊണ്ടതും ഇവരെ ഞെട്ടിച്ചിട്ടുണ്ട്.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ട് ചുഴലിക്കാറ്റിൽ ഏറ്റവും ശക്തികൂടിയ കാറ്റാണ് മിൽറ്റൻ. കാറ്റഗറി 3 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ കാറ്റിന് മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിക്കാൻ കഴിയും. നിലവിൽ മിൽറ്റൻ അമേരിക്കയുടെ തീരത്തേയ്ക്ക് അടുത്തിട്ടുണ്ട്.
കാറ്റഗറി 2 ലാണ് കിർക്ക് ചുഴലിക്കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ അറ്റ്‌ലാന്റികിലാണ് നിലവിൽ ഈ ചുഴലിക്കാറ്റ് ഉള്ളത്. നിലവിൽ കരയിൽ നിന്നും വളരെ അകലത്തിലാണ് കിർക്ക് സ്ഥിതി ചെയ്യുന്നത്. എങ്കിലും കരയിലെത്താനുള്ള സാദ്ധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല.
ബഹ്‌മാസിന് സമീപം ആയിട്ടാണ് ലെസ്ലിയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഫ്‌ളോറിഡ നിവാസികൾ കടുത്ത ആശങ്കയിലാണ്. നിലവിൽ ശക്തികുറഞ്ഞ കാറ്റാണ് ലസ്ലി. എന്നാൽ ഈ വാരം അവസാനത്തോടെ ലെസ്ലി ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ.
Discussion about this post