ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഫിറോസ്പൂരിൽ ആയിരുന്നു സംഭവം. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. ഡ്രോണിൽ നിന്നും ഹെറോയിനും കണ്ടെടുത്തു.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഈ സമയം മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ മൂളൽ ശബ്ദം കേട്ടു. ഇതേ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഡ്രോൺ ഫിറോസ്പൂർ ഭാഗത്തേക്ക് നീങ്ങുന്നതായി കണ്ടത്. ഉടനെ വെടിയുതിർക്കുകയായിരുന്നു.
വെടികൊണ്ടതോടെ ഡ്രോൺ തകർന്ന് താഴെ വീണു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് അതിൽ ലഹരി മരുന്ന് കണ്ടത്. 500 ഗ്രാം ഹെറോയിൻ ആയിരുന്നു ഡ്രോണിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെയായി അതിർത്തോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ പാകിസ്താന്റെ പ്രകോപനം വർദ്ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം രണ്ട് തവണയാണ് അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. ഇത് രണ്ടും ബിഎസ്എഫ് വെടിവച്ച് വീഴ്ത്തിയിരുന്നു.
Discussion about this post