ന്യൂഡൽഹി : ലോക് ജനശക്തി പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. നേരത്തെ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയിരുന്ന ചിരാഗിന് ഇനിമുതൽ ഇസഡ് കാറ്റഗറി സുരക്ഷ ആണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. പുതിയ സുരക്ഷയുടെ ഭാഗമായി മുപ്പതിലധികം സിആർപിഎഫ് കമാൻഡോകൾ ചിരാഗിന്റെ സുരക്ഷാ ദൗത്യത്തിനായി നിയോഗിക്കപ്പെടുന്നതായിരിക്കും.
ബീഹാറിലെ ഹാജിപൂരിൽ നിന്നുള്ള എംപിയായ ചിരാഗ് പാസ്വാൻ നിലവിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിലെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയാണ്. നേരത്തെ സശസ്ത്ര സീമാബാലിന്റെ സംരക്ഷണയിലായിരുന്നു ചിരാഗ് ഉണ്ടായിരുന്നത്. ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ഇപ്പോൾ 10 സ്റ്റാറ്റിക് ഗാർഡുകൾ ചിരാഗിന്റെ വീട്ടിൽ നിലയുറപ്പിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചിരാഗിന്റെ സുരക്ഷയ്ക്കായി മുഴുവൻ സമയവും നിയോഗിക്കപ്പെട്ട 6 പിഎസ്ഒമാരും 12 കമാൻഡോകളും ഉണ്ടായിരിക്കും. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും ഇവർ പ്രവർത്തിക്കുക. ഇതുകൂടാതെ വാച്ചർ ഷിഫ്റ്റിൽ രണ്ട് കമാൻഡോകളും മന്ത്രിയുടെ സുരക്ഷയ്ക്കായി ഉണ്ടാകും. സാധാരണഗതിയിൽ ഏതെങ്കിലും ഒരു നിർദ്ദിഷ്ട വ്യക്തിക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമ്പോൾ ആണ് കർശന സുരക്ഷ ഏർപ്പെടുത്തുന്നത്. ചിരാഗിന് ഏതെങ്കിലും രീതിയിലുള്ള ഭീഷണികൾ ഉണ്ടായോ എന്നുള്ള കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനകൾ ഒന്നും പുറത്തിറക്കിയിട്ടില്ല.








