ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനിയുടെ സത്യപ്രതിജ്ഞ ഇന്ന്. പഞ്ചഗുളയിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് സൈനി അധികാരമേൽക്കുക. ഗർവർണർ ബന്ദാരു ദത്താത്രേയ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. മുതിർന്ന ബിജെപി നേതാക്കളും പരിപാടിയിൽ സന്നിഹിതരാകും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിധിൻ ഗഡ്ഗരി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഉപമുഖ്യമന്ത്രിമാർക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്.
തുടർച്ചയായ രണ്ടാം തവണയാണ് ഹരിയാന മുഖ്യമന്ത്രിയായി സൈനി അധികാരമേൽക്കുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോഷം ആക്കാനാണ് തീരുമാനം. 50,000 ആളുകൾക്ക് പങ്കെടുക്കാൻ പാകത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പഞ്ചഗുളയിലെ ലളിത് ഹോട്ടലിൽ എൻഡിഎ നേതാക്കൾ യോഗം ചേരും.
ഈ മാസം അഞ്ചിനായിരുന്നു ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി സർക്കാർ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലേറിയത്. മൂന്ന് സ്വതന്ത്രർ കൂടി പിന്തുണച്ചതോടെ നിലവിൽ 51 എംഎൽഎമാർ പാർട്ടിയ്ക്കുണ്ട്. കുരുക്ഷേത്ര ജില്ലയിലെ ലദ്വ മണ്ഡലത്തിൽ ആയിരുന്നു ദളിത് നേതാവ് കൂടിയായ സൈനി ജനവിധി തേടിയത്.
Discussion about this post