ഡല്‍ഹി: താന്‍ രാജ്യദ്രോഹിയല്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ഭരണഘടനയില്‍ വിശ്വസിയ്ക്കുന്ന വ്യക്തിയാണ് താനെന്നും കനയ്യ കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭീകരവാദിയായി ചിത്രീകരിച്ച് തന്നെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും കനയ്യ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ പറഞ്ഞു.
അതേസമയം, കനയ്യ കുമാറിനെതിരെ നടന്ന കയ്യേറ്റത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസി രംഗത്തെത്തി. കോടതി വളപ്പിലായതുകൊണ്ടാണ് ബലം പ്രയോഗിക്കാതിരുന്നത്. ജനക്കൂട്ടത്തിനിടയിലൂടെ കനയ്യയെ കൊണ്ടുപോയതില്‍ അപാകതയില്ല. കനയ്യയെ മര്‍ദിച്ചതായി തെളിഞ്ഞാല്‍ കേസെടുക്കുമെന്നും ബസി പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ അറസ്റ്റ് ചെയ്ത കനയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി പാട്യാല ഹൗസ് കോടതി മാര്‍ച്ച് 2 വരെ നീട്ടി. അതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കനയ്യ കുമാറിനെ ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് മര്‍ദ്ദിയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മര്‍ദനത്തില്‍ കനയ്യ കുമാറിന് പരിക്കേറ്റിട്ടുണ്ട്.
Discussion about this post