തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ എഡിജിപി ടോമിന് തച്ചങ്കരിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ കത്ത്. നിരന്തരം ആവശ്യപ്പെട്ടിട്ടും റോഡ് സുരക്ഷയ്ക്കായുളള ഫണ്ടുകള്‍ ഗതാഗത കമ്മീഷണര്‍ അനുവദിക്കുന്നില്ലെന്നാണ് കത്തിലെ ആരോപണം.
അടിയന്തരമായി പണം ലഭിക്കാത്തതിനാല്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതാളത്തിലാകുന്നുവെന്നും, അതിനാല്‍ അപകടനിരക്കുകള്‍ ഏറാനുളള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും കത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കുന്നു. കത്തില്‍ ടോമിന് തച്ചങ്കരിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
അതേ സമയം കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പും പോലീസും ചിലവഴിച്ച തുകയുടെ രേഖകള്‍ നല്‍കിയിട്ടില്ലെന്നും ഇതാണ് ഈ വര്‍ഷം ഫണ്ട് അനുവദിക്കാത്തതെന്നും ടോമിന് തച്ചങ്കരി പ്രതികരിച്ചു.
ഡിജിപി നിരന്തരം ആവശ്യപ്പെട്ടിട്ടും ഫണ്ട് അനുവദിക്കുന്നില്ലെന്നും തുടര്‍ന്ന് ആഭ്യന്തര മന്ത്രി ആവിഷ്കരിച്ച ശുഭയാത്ര പദ്ധതിപോലും പാളിപ്പോകുമെന്നാണ് ഡിജിപി സെന്‍കുമാര്‍ ആഭ്യന്തരമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
നിലവില്‍ റോഡ് സുരക്ഷ അതോറിറ്റിയാണ് ട്രാഫിക് പരിശീലനത്തിനുളള ഫണ്ടുകള്‍ അനുവദിക്കുന്നത്. റോഡ് സുരക്ഷ അതോറിറ്റിക്ക് പണം ലഭിക്കുന്നതാകട്ടെ ട്രാഫിക് നിയമലംഘനങ്ങളില്‍ നിന്നും പൊലീസ് പിരിച്ചെടുക്കുന്ന തുകയില്‍ നിന്നുമാണ്. കഴിഞ്ഞ വര്‍ഷം 84 കോടി രൂപയാണ് ട്രാഫിക് നിയമലംഘനങ്ങളില്‍ നിന്ന് കേരള പൊലീസും, ട്രാഫിക് പൊലീസും ചേര്‍ന്ന് പിരിച്ചെടുത്തത്. ഇതിന്റെ 50 ശതമാനം റോഡ് സുരക്ഷ അതോറിറ്റിക്ക് ലഭിക്കുകയും ചെയ്യും. ഇതില്‍നിന്നുമാണ് ട്രാഫിക് കിറ്റ് വിതരണം, ട്രാഫിക് പരിശീലന പരിപാടികള്‍ എന്നിവയ്ക്കുളള തുക വകയിരുത്തുന്നതും.
Discussion about this post